ഏറ്റവും പുതിയ ഐപാഡ് പ്രോയുടെ പരസ്യ വീഡിയോ പരാജയം. ഉദ്ദേശിച്ച ഫലം കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് ആപ്പിൾ. ചൊവ്വാഴ്ച ആപ്പിൾ മേധാവി ടിം കുക്ക് പങ്കുവെച്ച പരസ്യ വീഡിയോയുടെ പേരിലാണ് ആപ്പിളിന് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നത്.
സംഗീതം, ശിൽപകല, ചിത്രകല, ഗെയിമിങ് ഉൾപ്പടെ മനുഷ്യന്റെ സർഗാത്മകത പ്രകടമാകുന്ന എല്ലാം ഒത്തു ചേർന്നതാണ് പുതിയ ഐപാഡ് പ്രോ എന്ന് കാണിക്കാനാണ് ആപ്പിൾ ശ്രമിച്ചത്. ഇതിനായി ഒരു ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് സംഗീത ഉപകരണങ്ങൾ, പെയിന്റ് പാത്രങ്ങൾ, 80 കളിലെ ആർക്കേഡ് വീഡിയോ ഗെയിം ഉപകരണം, ഒരു മനുഷ്യന്റെ മുഖത്തിന്റെ ശിൽപം എന്നിവയെല്ലാം ചതച്ചെടുക്കുന്നതും ആ ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോൾ ഐപാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ് വീഡിയോയിൽ.
എന്നാൽ ഈ വീഡിയോ പരസ്യം മനുഷ്യന്റെ സർഗാതമകതയുടേയും കലയുടേയും നാശം ആഘോഷമാക്കുകയാണെന്ന് വിമർശകർ ആരോപിച്ചു. ആപ്പിളിന്റെ മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായ ടോർ മിഹ്രെൻ ആണ് പരസ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് ക്ഷമാപണം നടത്തിയത്. ക്ഷമാപണം നടത്തിയെങ്കിലും വീഡിയോ പിൻവലിച്ചിട്ടില്ല.
ആപ്പിളിന്റെ ഏറ്റവും പുതിയ എം4 ചിപ്പിൽ പ്രവത്തിക്കുന്ന ടാബ് ലെറ്റ് ആണ് ഐപാഡ് പ്രോ. ഒഎൽഇഡി സ്‌ക്രീനുമായെത്തുന്ന ഐപാഡ് പ്രോ ആപ്പിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും കനം കുറഞ്ഞ ഉപകരണമാണ്. 13, 11 ഇഞ്ച് വേരിയന്റുകളുള്ള ഐപാഡ് പ്രോയ്ക്ക് രണ്ട് കളർ ഓപ്ഷനുകളുണ്ട്. ഇതോടൊപ്പം എം2 ചിപ്പിലുള്ള ഐപാഡ് എയറും ആപ്പിൾ അവതരിപ്പിച്ചു.