തിരുവനന്തപുരം: എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17 തദ്ദേശ അദാലത്തുകളിലൂടെ ലഭിച്ച 17,799 പരാതികളിൽ 16,767 എണ്ണം തീർപ്പാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങൾ ഇതിനകം നടപ്പിലാക്കി. ഒക്ടോബർ ഒന്നാം തീയതി നടന്ന വയനാട് ജില്ലാ അദാലത്ത് ദിവസം ലഭിച്ചവ ഉൾപ്പെടെ 1032 പരാതികളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. ഇതിന്‍റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
അദാലത്തിന് അഞ്ച് ദിവസം മുൻപ് വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളാണ് അദാലത്ത് വേദികളിൽ പരിഹരിച്ചത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന അദാലത്ത് സമിതികളും മന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അദാലത്ത് സമിതിയുമാണ് പരാതികൾ തീർപ്പാക്കിയത്. മുപ്പത്തിയഞ്ചിലധികം പൊതുതീരുമാനങ്ങളുടേയും സ്പഷ്ടീകരണത്തിന്റേയും ചട്ടഭേദഗതികളുടേയും പിൻബലത്തോടെയാണ് കൂടൂതൽ പരാതികളും പരിഹരിച്ചത്. സാങ്കേതിക കാര്യങ്ങളിലും തർക്കങ്ങളിലും കുടുങ്ങിക്കിടന്നതും നീതി നിഷേധിക്കപ്പെട്ടതുമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായി.
അദാലത്ത് ദിവസം നേരിട്ടുവന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ പരിശോധന അവസാനഘട്ടത്തിലാണ്. അദാലത്തിലെ തീർപ്പ് സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും അവസാന അപേക്ഷയിലും നീതിയുക്തമായ തീർപ്പുണ്ടാക്കുന്നുവെന്നും ഉറപ്പാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും ജോയിന്റ് ഡയറക്ടർ ഓഫീസുകളിലും മോണിറ്ററിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്. ഒക്ടോബർ 15നകം പരാതികൾ പൂർണമായി തീർപ്പാക്കി തീരുമാനങ്ങൾ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇത് വിലയിരുത്താൻ മൂന്ന് മേഖലകളായി തിരിച്ച് മന്ത്രിതല അവലോകനവും നിശ്ചയിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും സർക്കാരിലും തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ പരിഹരിക്കാൻ പ്രത്യേക അദാലത്ത് നടത്തും. മുനിസിപ്പൽ കോർപറേഷനുകളുടെ പ്രത്യേകമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു അദാലത്തും തീരുമാനിച്ചിട്ടുണ്ട്. ഈ അദാലത്തുകൾ എല്ലാം നവംബർ 15 ഓടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിക്കൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ തുടങ്ങിയവരാണ് അദാലത്തിന് നേതൃത്വം നൽകിയത്.