അദാനി ഗ്രൂപ്പ് ക്രമക്കേട്; സെബിയുടെ അന്വേഷണം നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അദാനി ഗ്രൂപ്പ് ക്രമക്കേട്; സെബിയുടെ അന്വേഷണം നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
അദാനി ഗ്രൂപ്പ് ക്രമക്കേട്; സെബിയുടെ അന്വേഷണം നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ ക്രമക്കേട് കാട്ടി നേട്ടമുണ്ടാക്കിയെന്ന പരാതിയില്‍ സെബിയുടെ അന്വേഷണം ഇനിയും നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. മറ്റൊരു എസ്ബിഐ ആകാന്‍ സെബി ശ്രമിക്കരുതെന്ന വിമര്‍ശനത്തിനൊപ്പം വിശുദ്ധരെ തൊടാന്‍ എസ്ബിഐക്ക് ഭയമായിരുന്നുവെന്ന പരിഹാസവും ഉണ്ടായിരുന്നു. എക്‌സിലെ പോസ്റ്റില്‍ അദാനി ഗ്രൂപ്പിനെയും മോദി സര്‍ക്കാരിനെയും ചേര്‍ത്ത് ‘മൊദാനി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. അതേസമയം സെബി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 2023 ഓഗസ്റ്റ് 14 ന് നല്‍കേണ്ടിയിരുന്നത് 2024 ഏപ്രില്‍ മൂന്നിലേക്ക് സമയം നീട്ടി വാങ്ങിയിരുന്നു. ആ റിപ്പോര്‍ട്ട് ഇനിയും സമയം നീട്ടി വാങ്ങാതെ എത്രയും വേഗത്തില്‍ സമര്‍പ്പിക്കാന്‍ തയ്യാറാവണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

എന്നാല്‍ സെബി അന്വേഷണത്തിന് പരിധികളുണ്ടെന്നും ഒരു പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമാണ് ‘മൊദാനി’ അഴിമതി പുറത്തെത്തിക്കാന്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്നും മൂന്ന് മാസം കഴിഞ്ഞാല്‍ മൊദാനി അഴിമതിക്കെതിരെ പാര്‍ലമെന്ററി സമിതി അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് നിരന്തരം കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

Top