അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ് കടംകുറയ്ക്കാനാണ് നീക്കം. ജൂണിലെ കണക്ക് പ്രകാരം അദാനി പവറില്‍ 72.71 ശതമാനവും അംബുജ സിമന്റ്‌സില്‍ 70.33 ശതമാനവും ഓഹരി പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിനുള്ളത്. ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ ഫോര്‍ സെയിലൂടെയോ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ കൈമാറിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി പവറിന്റെ ഓഹരി വിലയില്‍ 1.2 ശതമാനം ഇടിവുണ്ടായി. 686.75 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. അംബുജ സിമെന്റ്‌സിന്റെ ഓഹരി വിലയാകട്ടെ 0.5 ശതമാനം ഉയര്‍ന്ന് 632.5 രൂപ നിലവാരത്തിലുമെത്തി. ഒരു വര്‍ഷത്തിനിടെ അംബുജ സിമന്റ്‌സിന്റെ ഓഹരി വിലയില്‍ 18 ശതമാനം മുന്നേറ്റമാണുണ്ടായത്. അദാനി പവറിന്റെ വില 2024ല്‍ 30 ശതമാനം ഉയരുകയും ചെയ്തു.
ഓഗസ്റ്റ് അഞ്ചിന് അദാനി എനര്‍ജി സൊലൂഷന്‍സ് 8,373 കോടി രൂപ(ക്യുഐപി വഴി) സമാഹരിച്ചിരുന്നു. അതിന് മുമ്പായി അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അംബുജ സിമന്റ്‌സ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളില്‍ കഴിഞ്ഞ ജൂലായില്‍ അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ 23,000 കോടി രൂപയിലേറെ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.
അംബുജ സിമെന്റ്‌സിലെ പ്രൊമോട്ടര്‍ വിഹിതം അതോടെ 3.59 ശതമാനം ഉയര്‍ന്ന് 70.33 ശതമാനമായി. ഏപ്രില്‍ മാസത്തില്‍ ഗൗതം അദാനിയുടെ കുടുംബം 8,339 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. 2022 ഒക്ടോബറില്‍ 5,000 കോടി രൂപയും ഈ വര്‍ഷം മാര്‍ച്ചില്‍ 6,661 കോടി രൂപയും അദാനി കുടുംബം നിക്ഷേപിച്ചിരുന്നു.