അഹമ്മദാബാദ്: വ്യോമയാന രംഗത്ത് കൂടുതല്‍ ഇടപെടലുമായി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അദാനി കനേഡിയന്‍ വിമാനക്കമ്പനിയായ ‘ബൊംബാര്‍ഡിയറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് എറിക് മാര്‍ട്ടലുമായി കൂടിക്കാഴ്ച നടത്തി വിമാന സര്‍വിസുകളിലും പ്രതിരോധ മേഖലയിലും പങ്കാളിത്തം ചര്‍ച്ച ചെയ്തു.
‘ഇന്ത്യയുടെ വ്യോമയാന വളര്‍ച്ചക്ക് കരുത്ത് പകരുന്നു! എയര്‍ക്രാഫ്റ്റ് സര്‍വിസസ്, പരിചരണം, അറ്റക്കുറ്റപ്പണികള്‍, പ്രതിരോധം എന്നിവയിലെ പങ്കാളിത്തത്തെക്കുറിച്ച് ബൊംബാര്‍ഡിയര്‍ ചീഫ് എക്‌സിക്യൂട്ടിവ് എറിക് മാര്‍ട്ടലുമായിമായി ഒരു മികച്ച ചര്‍ച്ച നടത്തി. ശക്തമായ, സ്വാശ്രയ ഇന്ത്യക്കായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്’ എന്ന് അദാനി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു പുറത്തേക്കും കൂടുതല്‍ വികസിക്കുകയാണ്. അദാനിയുടെ പോര്‍ട്ട്-ടു-എനര്‍ജി കമ്പനി ഇന്ത്യക്കകത്ത് ഏഴ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
കനേഡിയന്‍ ബിസിനസ് ജെറ്റ് നിര്‍മാതാവാണ് വ്യോമയാന രംഗത്തെ അതികായന്‍മാരിലൊരാളായ ബൊംബാര്‍ഡിയര്‍. കാനഡയിലെ ഗ്രേറ്റര്‍ മോണ്‍ട്രിയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊംബാര്‍ഡിയര്‍ നിര്‍മാണത്തിനു പുറമെ ഡിസൈനിംഗ്, സേവനം എന്നീ രംഗങ്ങളിലുമുണ്ട്. ഗവണ്‍മെന്റ്, മിലിട്ടറി സ്‌പെഷ്യല്‍ മിഷന്‍ റോളുകളില്‍ ബൊംബാര്‍ഡിയര്‍ വിമാനങ്ങള്‍ക്ക് ലോകമെമ്പാടും സ്വീകാര്യതയുണ്ട്. ഇരു കമ്പനികളും തമ്മിലുള്ള സമന്വയം പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക ചര്‍ച്ചകള്‍ എടുത്തുകാണിച്ച അദാനി ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മേഖലയായ വിമാന സര്‍വിസുകളിലെ പുരോഗതിക്ക് ഈ സഹകരണം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.