തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ തീരുന്നില്ല. ശബരിമലയിലും എഡിജിപിയുടെ ഇടപെടലുണ്ടായെന്നാണ് റിപ്പോർട്ടുകൾ. എഡിജിപി ശബരിമലയിൽ മാസ പൂജാ സമയങ്ങളിൽ നാല് ലെയ്സൺ ഓഫീസർമാരെയും കഴിഞ്ഞ മണ്ഡലകാലത്ത് 10 ലെയ്സൺ ഓഫീസർമാരെയും നിയമിച്ചു. എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സൗകര്യമൊരുക്കാനായിരുന്നു ഈ നിയമനങ്ങൾ.
സാധാരണയായി, എഡിജിപിക്ക് മാത്രമായി ഒരു ലെയ്സൻ ഓഫീസറെ നിയമിക്കാനാകും. ഔദ്യോഗിക ഏകോപനങ്ങൾ നടത്തുന്നതിനായാണ് ഇത്. എന്നാൽ ഒരാളെ നിയമിക്കാമെന്നിരിക്കെ ഒമ്പത് പേരെയാണ് അധികമായി എഡിജിപി നിയമിച്ചത്. എഡിജിപിയുടെ ശബരിമലയിലെ ഇടപെടലിൽ ദേവസ്വം ബോർഡിന് അതൃപ്തിയുണ്ടെന്ന് ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 2023 ലാണ് അജിത് കുമാർ ശബരിമല ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റത്.ഉത്തരവൊന്നും തന്നെയില്ലാതെ ചുമതലപ്പെടുത്തലാണ് ശബരിമലയിൽ നടന്നത്. ഒരു ഡ്യൂട്ടിയും ചെയ്യാതെ എഡിജിപിയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ട് എന്നുള്ള വിവരവും ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്നുണ്ട്.