CMDRF

എഡിജിപി എം ആർ അജിത് കുമാർ കൂടിക്കാഴ്ച്ച വിഷയം; കർശന നടപടി ആവശ്യപ്പെട്ട് സിപിഐ

മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചു

എഡിജിപി എം ആർ അജിത് കുമാർ കൂടിക്കാഴ്ച്ച വിഷയം; കർശന നടപടി ആവശ്യപ്പെട്ട് സിപിഐ
എഡിജിപി എം ആർ അജിത് കുമാർ കൂടിക്കാഴ്ച്ച വിഷയം; കർശന നടപടി ആവശ്യപ്പെട്ട് സിപിഐ

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നും സിപിഐ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരായി ഉയർന്ന ആരോപണങ്ങളെയും ഗൗരവത്തോടെ കാണണമെന്നും സിപിഐ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അറിയിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ മുന്നണി യോഗത്തിലേക്ക് കൊണ്ടുപോകാതെ അതിന് മുമ്പുതന്നെ പരിഹാരം കാണണമെന്നാണ് സിപിഐയുടെ നിലപാട്.

അന്വേഷണം പുരോഗമിക്കുമ്പോഴും എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇത് കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. ഈ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.

അതേസമയം, പി വി അൻവർ എംഎൽഎ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും കാണും. എഡിജിപി എം ആർ അജിത് കുമാറിനും മുൻ എസ് പി സുജിത് ദാസിനും എതിരെയുള്ള തെളിവുകൾ ഇരുവർക്കും കൈമാറിയേക്കും. എഡിജിപിയെ മാറ്റി നിർത്തണമെന്ന് പി വി അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നേരത്തെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പി വി അൻവർ പരാതി നൽകിയിരുന്നു.

Also read: തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് കൂടി; എം എ ബേബി

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വിവാദമായതോടെ അജിത് കുമാറിനെ മാറ്റാൻ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദം ഉയരുന്നുണ്ട്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

Top