CMDRF

പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം; വിധി റദ്ദാക്കി സുപ്രീം കോടതി

പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം; വിധി റദ്ദാക്കി സുപ്രീം കോടതി
പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണം; വിധി റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു വിവാദ പരാമര്‍ശം. കേസില്‍ പോക്‌സോ ആക്ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായ സൂചന നല്‍കുമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി.

എന്നാല്‍ ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കല്‍ക്കട്ട ഹൈക്കോടതി വിധി റദ്ദാക്കിയത്. ലൈംഗിക അതിക്രമത്തിന് വിധേയയായ പെണ്‍കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബാലനീതി നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് യുവാവിനെതിരെ പോക്‌സോ നിയമം അനുസരിച്ചുള്ള ബലാത്സംഗക്കുറ്റം ചുമത്തിയത്. എന്നാല്‍ യുവാവിനെ കുറ്റവിമുക്തനാക്കി 2023 ഒക്ടോബര്‍ 18 ന് കല്‍ക്കട്ട ഹൈക്കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രഭാഷണങ്ങളും വിധിന്യായത്തില്‍ അവതരിപ്പിച്ചതിനെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം തീര്‍ത്തും അനുചിതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കല്‍ക്കട്ട കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക ആവശ്യങ്ങളെ നിയന്ത്രിക്കണമെന്നായിരുന്നു വിവാദ പരാമര്‍ശം. സമപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും മാനിക്കണം. ശരീരത്തിന്റെ അവകാശങ്ങളും അന്തസും ഉയര്‍ത്തിപ്പിടിക്കേണ്ടത് കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ചുമതലയാണ്. സ്വന്തം മൂല്യം തിരിച്ചറിയുകയും അന്തസ് സംരക്ഷിക്കുകയും വേണം. ലിംഗസ്വത്വത്തിന്റെ മതിലുകള്‍ക്കപ്പുറം എല്ലാ മേഖലയിലും കഴിവുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം. സ്വകാര്യത സംരക്ഷിക്കണമെന്നുമുള്ള നിരീക്ഷണങ്ങളും ഹൈക്കോടതി നടത്തിയിരുന്നു.

Top