കൊച്ചി: ഹേമ കമ്മിറ്റിക്ക് മുൻപ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് സിനിമാ സംഘടന അട്ടിമറിച്ചു. റിപ്പോർട്ട് സമർപ്പിച്ച് പത്തുവർഷം കഴിയുമ്പോഴും പ്രധാന ശുപാർശകൾ ഒന്നും നടപ്പായില്ല. സിനിമ സംഘടനകൾ സർക്കാർ നിയന്ത്രണത്തിലുള്ള റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇതിനായി നിയമനിർമ്മാണം നടത്തണം എന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന നിർദേശം.
അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് 2014 ആഗസ്റ്റിലാണ് സമർപ്പിച്ചത്. സിനിമ നിർമ്മാണം മുതൽ പ്രദർശനം വരെ ബന്ധപ്പെട്ടതായിരുന്നു അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്. സിനിമ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് അന്നത്തെ യുഡിഎഫ് സർക്കാർ റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കിയില്ല.
Also Read: അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ട; പൂർണരൂപം ആവശ്യപ്പെടേണ്ടെന്നും ഡി.ജി.പി
സിനിമ സംഘടനകളുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിലെ സുപ്രധാന നിർദേശമായിരുന്നു റെഗുലേറ്ററി അതോറിറ്റി എന്നുള്ളത്. സിനിമ മേഖല ഒരു സ്വകാര്യ മേഖലയാണ്. കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാത്ത മേഖലയാണ്. വിവിധ സംഘടനകൾ ഉണ്ട്. വിവിധ സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും മേഖലയിലെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു ഏകജാലക സംവിധാനം വേണം എന്നതായിരുന്നു റിപ്പോർട്ടിലെ സുപ്രധാന ശുപാർശ.
Also Read: യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിച്ച 200ലധികം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
അന്നത്തെ, നിലവിലുണ്ടായിരുന്ന സിനിമ റെഗുലേറ്ററി ആക്ട് കാലഹരണപ്പെട്ടതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സിനിമ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയ സമസ്ത മേഖലകളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.