ദോഹ: ഓൺലൈൻ ഷോപ്പിങ് മുതൽ പോയൻറ് ഓഫ് സെയിൽ വരെ ഡിജിറ്റൽ സേവനങ്ങളുടെ സ്വീകാര്യത ഓരോ മാസങ്ങളിലുമായി വർധിക്കുന്നുവെന്ന് ഖത്തർ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട്. ഏറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ ഈ മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ക്യു.സി.ബി അറിയിച്ചു. ഈ വർഷം ജൂണിൽ രാജ്യത്തെ ഇ-കോമേഴ്സ് ഇടപാടുകൾ 72.6 ലക്ഷം റിയാൽ കവിഞ്ഞു. ഇ-കോമേഴ്സ് ഇടപാടുകളുടെ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 347 കോടിയിലെത്തി. 2023, 2022 ജൂൺ മാസങ്ങളിൽ യഥാക്രമം 40, 16 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.
ഇ-കോമേഴ്സ് ഇടപാടുകൾ 2023, 2022 ജൂണിൽ യഥാക്രമം 20.9 ലക്ഷത്തിലും 43.7 ലക്ഷത്തിലുമെത്തി. പി.ഒ.എസ് വിൽപന ജൂണിൽ കുത്തനെ വർധിച്ചതായും ബാങ്ക് വ്യക്തമാക്കി. കണക്കുകൾ പ്രകാരം പി.ഒ.എസ് ഇടപാടുകളുടെ മൂല്യം വാർഷികാടിസ്ഥാനത്തിൽ 2023 ജൂണിൽ 754 കോടി റിയാലും 2022 ജൂണിൽ 659 കോടി റിയാലും ആണെങ്കിൽ, ഈ വർഷം ജൂണിൽ 778 കോടി റിയാൽ രേഖപ്പെടുത്തി. കോൺടാക്ട്ലെസ് കാർഡ് ഇടപാടുകൾ, ഇ-വാലറ്റ്, മൊബൈൽ പി.ഒ.എസ്, ക്യു.ആർ കോഡ് സ്കാനർ, ഒൺലൈൻ ബില്ലിങ് എന്നിവയെ പിന്തുണക്കുന്നതിനാൽ പി.ഒ.എസ് സൊലൂഷൻ സുരക്ഷിതവും കാര്യക്ഷമവുമായ പണമിടപാട് സേവനമാണ് ഉറപ്പുവരുത്തുന്നത്.
ഡിജിറ്റൽ പേമെൻറ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഹിമ്യാൻ ഡെബിറ്റ് കാർഡും ഖത്തർ പുറത്തിറക്കിയിരുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യ പ്രീപെയ്ഡ് കാർഡാണിത്. രാജ്യത്ത് എല്ലാ വിൽപന കേന്ദ്രങ്ങളിലും എ.ടി.എമ്മുകളിലും ഓൺലൈൻ പണമിടപാടുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഹിമ്യാൻ ബാങ്കുകളിൽ ലഭ്യമാണ്. അടുത്തിടെ ഡിജിറ്റൽ പേമെന്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി നൂതന തൽക്ഷണ പേമെന്റ് സേവനമായ ഫവ്റാൻ സേവനത്തിനും ക്യു.സി.ബി തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച സേവനം, നിമിഷങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് പണമിടപാട് പൂർത്തിയാക്കാൻ സഹായിക്കുന്നു. മുഴുസമയവും പ്രവർത്തിക്കുന്ന സേവനം മൊബൈൽ ബാങ്കിങ് ആപ് വഴിയും ഡിജിറ്റൽ ചാനലുകളിലൂടെയും ഉപയോഗിക്കാം.