ഡല്‍ഹി: തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.
മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഭിജിത്ത് ഗംഗോപാധ്യായ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. അഭിജിത്ത് ഗംഗോപാധ്യായയെ 24 മണിക്കൂര്‍ നേരത്തക്ക് പ്രചാരണം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. മാന്യതക്ക് നിരക്കാത്ത പരാമര്‍ശമാണ് അഭിജിത്ത് ഗംഗോപാധ്യായ നടത്തിയതെന്ന് നേരത്തെ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. പത്ത് ലക്ഷമാണോ മമതയുടെ വിലയെന്ന പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. പരാര്‍മശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.