CMDRF

അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിന് വിലക്ക്? അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമം തിരിച്ചടിയാകും

അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിന് വിലക്ക്? അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമം തിരിച്ചടിയാകും
അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിന് വിലക്ക്? അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമം തിരിച്ചടിയാകും

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിനിടെ പരിക്ക് അഭിനയിച്ച അഫ്ഗാന്‍ താരം ഗുലാബുദീന്‍ നയീബിനെ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമമാണ് താരത്തിന് തിരിച്ചടിയാകുക. ഐസിസി നിയമം ആര്‍ട്ടിക്കള്‍ 2.10.7ല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് ലെവല്‍ പ്രകാരം നയീബ് ചെയ്തത് സമയം നഷ്ടപ്പെടുത്തല്‍ എന്ന കുറ്റമാണ്. ഇതിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ വിധിക്കുകയോ ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നോ രണ്ട് ഏകദിനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ രണ്ട് ട്വന്റി 20കളില്‍ നിന്നോ വിലക്കോ ലഭിച്ചേക്കാം.

അതിനിടെ പരിക്ക് അഭിനയത്തില്‍ പ്രതികരണവുമായി അഫ്ഗാന്‍ താരം രംഗത്തെത്തി. നയീബിന്റെ പ്രവര്‍ത്തിക്ക് റെഡ് കാര്‍ഡ് നല്‍കണമെന്ന ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ വാക്കുകള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ചില സമയങ്ങളില്‍ നമ്മള്‍ക്ക് സന്തോഷം അല്ലെങ്കില്‍ സങ്കടം വരുമ്പോള്‍ ശരീരത്തിന് പ്രയാസം ഉണ്ടായേക്കാമെന്നാണ് നയീബ് പറയുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്. 11.4 ഓവറില്‍ ബംഗ്ലാദേശ് സ്‌കോര്‍ ഏഴിന് 81 എന്ന നിലയില്‍ നിന്നപ്പോള്‍ അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ മത്സരം മെല്ലെയാക്കാന്‍ ട്രോട്ട് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ലിപ്പില്‍ ഫില്‍ഡ് ചെയ്യുകയായിരുന്ന ഗുലാബുദീന്‍ നയീബ് ഇക്കാര്യം മനസിലാക്കി. പേശി വലിവ് അഭിനയിച്ച് താരം നിലത്തുവീണു. സഹതാരത്തിന് എന്ത് സംഭവിച്ചുവെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ചോദിക്കുന്നുണ്ടായിരുന്നു. മഴ തുടര്‍ന്നിരുന്നെങ്കില്‍ രണ്ട് റണ്‍സിന്റെ വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുമായിരുന്നു. എന്നാല്‍ മഴ അതിവേഗത്തില്‍ മാറി. പിന്നാലെ നയീബ് കളത്തിലിറങ്ങി. ഇത്രവേഗം പരിക്ക് മാറിയ താരത്തിന്റെ അഭിനയത്തെ പരിഹസിച്ച് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

Top