ഷാര്‍ജ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഷാര്‍ജയില്‍ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 177 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സെഞ്ചുറി നേടിയ ഗുര്‍ബാസി് പുറമെ അര്‍ധസെഞ്ചുറികളുമായി റഹ്മത്ത് ഷായും(50), അസ്മത്തുള്ള ഒമര്‍സായിയും(50 പന്തില്‍ 86*)തിളങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാന്‍ കൂറ്റൻ സ്കോറുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ഒമര്‍സായി തകര്‍ത്തടിച്ചതോടെയാണ് അഫ്ഗാന്‍ 300 കടന്നു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയും ടോണി ഡെ സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പൻ തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സെടുത്ത ബാവുമയെ വീഴ്ത്തി അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.പിന്നാലെ ടോണി ഡി സോര്‍സിയും(31) റാഷിദ് ഖാന് മുന്നില്‍ വീണു.
റീസ ഹെന്‍ഡ്രിക്സും(17), ഏയ്ഡന്‍ മാര്‍ക്രവും(21) പൊരുതാൻ ഹെന്‍നോക്കിയെങ്കിലും ഹെന്‍ഡ്രിക്സിനെ ഖരോട്ടെയും മാര്‍ക്രത്തെ റാഷിദും വീഴ്ത്തിയതിനുശേഷം ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആരും രണ്ടക്കം കടന്നില്ല.ട്രിസ്റ്റൻ്‍ സ്റ്റബ്സ്(5), കെയ്ല്‍ വെറെയ്നെ(2), വിയാന്‍ മുൾഡര്‍(2), ജോർൺ ഫോർച്യൂയിൻ(0), കാബ പീറ്റര്‍(5), ലുങ്കി എങ്കിഡി(3) എന്നിവരെല്ലാം റാഷിദിനും ഖരോട്ടെയ്ക്കും മുന്നില്‍ വീണു.വിക്കറ്റ് നഷ്ടമില്ലാതെ 74 റണ്‍സിലെത്തിയ ദക്ഷിണാഫ്രിക്ക 61 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു.
അഫ്ഗാനിസ്ഥാന്‍റെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനാണിത്. 2018ല്‍ സിംബാബ്‌വെയെ 154 റണ്‍സിന് തകര്‍ത്തതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും വലയി വിജയം. ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വിയാണിത്.