ഇംഫാൽ: നിലവിൽ ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പിലാക്കിയ അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ച് മണിപ്പൂർ സർക്കാർ. നവംബർ 14നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരിൽ വീണ്ടും അഫ്സ്പ കൊണ്ടു വന്നത്. സെക്കമായി, ലാംസാങ്, ഇംഫാൽ, ലാമലായി, മൊയിറാങ്, ലെയിംകോങ്, ജിരിബാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് നിലവിൽ അഫ്സ്പ പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാന മന്ത്രിസഭാ യോഗം നവംബർ 15ന് ചേരുകയും ചർച്ചകൾ നടത്തി ഇത് പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പൊതുജനക്ഷേമം മുൻനിർത്തി അഫ്സ്പ നിയമം പിൻവലിക്കാനാണ് സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്. അതേസമയം, മണിപ്പൂരിൽ സംഘർഷം കനക്കുകയാണ്. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ അടക്കം പ്രതിഷേധക്കാർ ആക്രമിച്ചു.
Also Read : ഹെലികോപ്ടറുകൾ വൈകിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന; കോൺഗ്രസ്
ഈ സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നു. സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. നിലവിൽ മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫീസ് അറിയിച്ചു. വിവിധയിടങ്ങളിൽ വീടുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ വലിയ രീതിയിലുള്ള ആക്രമണമുണ്ടായി.
Also Read : വഷളായി ഡൽഹിലെ വായുഗുണനിലവാരം; 107 വിമാനങ്ങൾ വൈകി
കുക്കി മെയ്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ആകെ സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തി വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചിരുന്നു.