വനേശ്വര്‍: സാംബാല്‍പൂര്‍ മൃഗശാലയില്‍ നരഭോജിയായ പുള്ളിപ്പുലി പ്രണയിനിയെ കണ്ടെത്തി. രാജ എന്ന് വിളിപ്പേരുള്ള എട്ടുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയാണ് ആറ് വയസുകാരിയായ റാണിയുമായുമായി പ്രണയത്തിലായത്.
2022ല്‍ നുവപാഡ ജില്ലയില്‍ രണ്ടുപേരെ കൊല്ലുകയും ഒരാളെ പരുക്കേല്‍പ്പിക്കുകയും ചെയ്ത രാജയെ 2023 നവംബര്‍ അഞ്ചിനാണ് വനപാലകര്‍ പിടികൂടുകയും നവംബര്‍ 8ന് ഹിരാകുഡ് വന്യജീവി ഡിവിഷന്റെ കീഴിലുള്ള സാംബാല്‍പൂര്‍ മൃഗശാലയിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവരുകയും ചെയ്തു. വനത്തിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന റാണിയും ഇവിടെയുണ്ടായിരുന്നു. ഏകദേശം 11 മാസത്തെ ക്വാറന്റീനിൽ പാർപ്പിച്ച് നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിന് ശേഷമാണ് രാജയെ റാണിയുടെ കൂട്ടിലേക്ക് മാറ്റിയത്.
Also Read:ബൂത്തിന് 30,000 എന്ന നിലയില്‍ പണം എത്തിച്ചത് പ്രവര്‍ത്തകരെ സജീവമാക്കാന്‍: ഡോ പി സരിന്‍
24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇരുവരുടേയും പെരുമാറ്റ വ്യതിയാനങ്ങൾ പഠിക്കുന്നതിനുവേണ്ടിയാണ് നിരീക്ഷണത്തിലാക്കിയത്. ഇരുവരും പൊരുത്തപ്പെട്ടു എന്ന് കണ്ടെത്തിയതിന് ശേഷം ഒരു മാസക്കാലം അവരുടെയും സൗഹൃദപരമായ ആശയവിനിമയം നിരീക്ഷിച്ചു.
ഇരുവരും നല്ല രീതിയിൽ സ്നേഹ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും അഞ്ചു ദിവസത്തിനകം ഇണ ചേരൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂർ നിരീക്ഷണം നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സാംബാൽപൂർ മൃഗശാലയിലെ സന്ദർശകർ ഇരുവരുടെയും സ്നേഹം കൗതുകത്തോടെയാണ് കണ്ടുനിൽക്കുന്നത്.