ഐഷിഘോഷിനും മീനാക്ഷി മുഖർജിക്കും പിന്നാലെ ചുവപ്പ് തരംഗം സൃഷ്ടിച്ച് ദീപ്ഷിതയും രംഗത്ത് . . .

ഐഷിഘോഷിനും മീനാക്ഷി മുഖർജിക്കും പിന്നാലെ ചുവപ്പ് തരംഗം സൃഷ്ടിച്ച് ദീപ്ഷിതയും രംഗത്ത് . . .
ഐഷിഘോഷിനും മീനാക്ഷി മുഖർജിക്കും പിന്നാലെ ചുവപ്പ് തരംഗം സൃഷ്ടിച്ച് ദീപ്ഷിതയും രംഗത്ത് . . .

രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഉരുക്കു കോട്ടയാണ് ഡല്‍ഹിയിലെ ജെ.എന്‍.യു കാമ്പസ് അടുത്തയിടെ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പിലും വന്‍ വിജയമാണ് ഇടതുപക്ഷ സംഘടനകള്‍ നേടിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ സംഘപരിവാര്‍ ശക്തികള്‍ പരമാവധി ശ്രമിച്ചിട്ടും വന്‍ ഭൂരിപക്ഷമാണ് എസ്.എഫ്.ഐ ഉള്‍പ്പെടുന്ന ഇടതുസഖ്യത്തിന് ലഭിച്ചിരിക്കുന്നത്. മോദിയുടെ മൂക്കിനു കീഴിലെ ഈ വിജയം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും വളരെ വലുതാണ്. ഈ കാമ്പസിലെ ഒരു വിദ്യാര്‍ത്ഥിയാണിപ്പോള്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനെയും ശ്രദ്ധേയമാക്കുന്നത്. ശ്രീറാംപൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന ദീപ്ക്ഷിത എന്ന തീപ്പൊരി നേതാവ് ഇതിനകം തന്നെ പ്രചരണ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ച വച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദീപ്ക്ഷിത ഉള്‍പ്പെടെയുളള 11 പേരും 35 വയസ്സിനു താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

പശ്ചിമ ബംഗാളിലെ കുട്ടികളുടെ കൂട്ടായ്മയായ കിഷോര്‍ ബാഹിനിയിലൂടെയാണ് ദീപ്ക്ഷിത ധര്‍ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നത്. തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ അസുതോഷ് കോളേജിലെ പഠനകാലത്ത് അവര്‍ എസ്എഫ്ഐയില്‍ ചേരുകയാണുണ്ടായത്. ദീപ്ക്ഷിതയുടെ ജീവിതത്തിലെ പ്രധാന വഴിഞ്ഞിരിവും എസ്.എഫ്.ഐ പ്രവേശനത്തിലൂടെയാണ് സംഭവിച്ചിരിക്കുന്നത്. നല്ലൊരു സംഘാടകയും മികച്ച പ്രാസംഗികയുമായ ദീപ്ക്ഷിതയുടെ വാക്കുകള്‍ അധികാര കേന്ദ്രങ്ങളെ ചുട്ടുപൊള്ളിക്കുന്നതാണ്. അക്രമത്തിനും സ്ത്രീപീഡനത്തിനുമെതിരെ ഇടതു സംഘടനകള്‍ സംഘടിപ്പിച്ച സമരമുഖങ്ങളിലും ദീപ്ക്ഷിത ഏറെ സജീവമായിരുന്നു. 2019 ല്‍ എസ്എഫ്ഐയുടെ ദേശീയ വനിത കണ്‍വീനര്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധങ്ങളും ദേശീയശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. പശ്ചിമബംഗാളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ മുഖം എന്നാണ് ദീപ്ക്ഷിതയെ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മീനാഷി മുഖര്‍ജി ജെ.എന്‍.യു മുന്‍ യൂണിയന്‍ ചെയര്‍പേഴ്സണായ ഐഷി ഘോഷ് എന്നിവര്‍ക്കു പിന്നാലെ ദീപ്ക്ഷിതയും … ബംഗാളിനെ വീണ്ടെടുക്കാനുള്ള സി.പി.എം ശ്രമങ്ങളുടെ മുന്നണി പോരാളിയാകുമ്പോള്‍ അത് മമത ഭരണകൂടത്തിന് ഉയര്‍ത്തുന്ന ഭീഷണിയും വലുതാണ്.

35 വര്‍ഷത്തെ ഇടതുപക്ഷ ഭരണം അട്ടിമറിച്ചത് മമത എന്ന ഒരു വനിതയെ മുന്‍നിര്‍ത്തിയാണെങ്കില്‍ അതേ മമതയെ വനിത നേതാക്കളെ മുന്‍നിര്‍ത്തി താഴെ ഇറക്കാനാണ് സി.പി.എം നിലവില്‍ ശ്രമിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനെ ഇതിന്റെ പരീക്ഷണശാലയാക്കി മാറ്റുന്നതും അതു കൊണ്ടാണ്. സി.പി.എം… ലോക സഭ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കും ചെറുപ്പത്തിനും നല്‍കിയ പ്രാധാന്യത്തെ തന്ത്രപരമായ നീക്കം എന്നാണ് ബംഗാളിലെ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിനി കൂടിയായ ദീപ്ക്ഷിതയ്ക്കു വേണ്ടി, എസ്.എഫ് ഐയുടെ പ്രത്യേക സ്‌ക്വാഡും ശ്രീറാംപൂര്‍ മണ്ഡലത്തില്‍ സജീവമാണ്. കേരളത്തെ കുറിച്ചും ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ കുറിച്ചും കൃത്യമായ ബോധ്യമുള്ള ദീപ്ക്ഷിത ഗവേഷക വിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയവും പ്രത്യേകതകള്‍ നിറഞ്ഞതാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തെ കുറിച്ചാണ് അവര്‍ ഗവേഷണം നടത്തി കൊണ്ടിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാറിനെയും കേന്ദ്രത്തിലെ മോദി സര്‍ക്കാറിനെയും… ഒരു പോലെ കടന്നാക്രമിച്ചാണ് ശ്രീറാംപൂര്‍ മണ്ഡലത്തില്‍ നിന്നും ദീപ്ക്ഷിത ജനവിധി തേടുന്നത്. തൊഴിലായിമകൊണ്ടും ശമ്പള കുറവും മൂലം യുവജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും തൃണമൂല്‍ ആയാലും ബിജെപി ആയാലും ഇതിനു ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ഇടതുപക്ഷമാണ് പ്രതിവിധി എന്നാണ് ദീപ്ക്ഷിത വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നത്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ബംഗാളിലും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന കാര്യത്തിലും ഈ യുവ കമ്യൂണിസ്റ്റിന് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. 35-വര്‍ഷത്തെ തുടര്‍ച്ചയായ ഉദയത്തിനു ശേഷം അസ്തമിച്ച ചുവപ്പു സൂര്യനെ തിരികെ കൊണ്ടുവരുവാനുള്ള രാഷ്ട്രീയ ചുമതലയാണ് ദീപ്ക്ഷിത ഉള്‍പ്പെടെയുള്ള ചെറുപ്പത്തെ സി.പി.എം ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ റിസര്‍ട്ട് വോട്ടിങ് ശതമാനത്തില്‍ ഇത്തവണ ഉണ്ടാകുമെന്ന് തന്നെയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ചുവപ്പ് രാഷ്ട്രീയം തകര്‍ന്നടിഞ്ഞ ബംഗാളില്‍ തിരിച്ചു വരവിന്റെ പ്രതീക്ഷകളും ശക്തമാണ്. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റാലിയില്‍ പത്തുലക്ഷത്തില്‍ അധികം പേര്‍ പങ്കെടുത്തത് ഇടതുപക്ഷ മുന്നേറ്റത്തിന്റെ സൂചന ആയാണ് വിലയിരുത്തപ്പെടുന്നത്.

EXPRESS KERALA VIEW

Top