ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻ നിർത്തിയുള്ള പക വീട്ടലാണ് ഇപ്പോൾ സിനിമാ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പിണറായി സർക്കാർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഈ റിപ്പോർട്ട് മുൻ നിർത്തി വിവാദങ്ങൾ പടർന്നിരിക്കുന്നത്. വാർത്താ ചാനലുകൾ തമ്മിലുള്ള കിടമത്സരവും ഇതിന് ശക്തി പകർന്നിട്ടുണ്ട്.
ഈ ചർച്ചകൾക്കൊടുവിലാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ രംഗത്ത് വന്നിരുന്നത്. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിന് ഇപ്പോൾ രാജി വയ്ക്കേണ്ടിയും വന്നിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ രഞ്ജിത്തിന് എതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി പശ്ചിമ ബംഗാളിലെ അറിയപ്പെടുന്ന സി.പി.ഐ അനുഭാവിയും, ആക്ടിവിസ്റ്റുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇവർ സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തി കേരളത്തിലെ ഇടതുപക്ഷ സർക്കാർ നിയോഗിച്ച ഉന്നത പദവിയിൽ ഇരിക്കുന്ന രഞ്ജിത്തിന് എതിരെ സി.പി.ഐ നേതൃത്വത്തോട് ആലോചിക്കാതെ സാധാരണ ഗതിയിൽ രംഗത്ത് വരികയില്ല. മാത്രമല്ല, രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരിക്കുന്നത് സി.പി.ഐ നേതാവ് ആനിരാജ ഉൾപ്പെടെയുളള നേതാക്കളുമാണ്. രഞ്ജിത്ത് രാജി വെച്ചില്ലെങ്കിൽ ചലച്ചിത്ര അക്കാദമിയിലേക്ക് മാർച്ച് നടത്തുമെന്നാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വെ.എഫ് നേതൃത്വവും പ്രഖ്യാപിച്ചിരുന്നു.
15 വർഷം മുൻപ് നടന്ന സംഭവമാണെന്ന് ചുണ്ടിക്കാട്ടി ബംഗാളി നടി ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയത് ചാനലുകളിലൂടെ ആണെങ്കിലും, അതിന് പിന്നിൽ കൃത്യമായ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സി.പി.എം നേതൃത്വവും വിലയിരുത്തുന്നത്. എന്നാൽ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിൻ്റെയും സർക്കാരിന്റെയും നയമെന്നതിനാലാണ് ഇക്കാര്യത്തിൽ മറ്റുവാദങ്ങൾ സി.പി.എം നേതൃത്വം ഉയർത്താതിരുന്നിരുന്നത്. രഞ്ജിത്തിനെ ലക്ഷ്യമിട്ടു വന്ന ആരോപണത്തിനു പിന്നിൽ സി.പി.ഐക്കാരനായ പ്രമുഖ സംവിധായകൻ്റെ ‘കൃത്യമായ’ ഇടപെടൽ ഉണ്ട് എന്നു തന്നെയാണ് സി.പി.എം അനുഭാവികളായ സിനിമാ പ്രവർത്തകരും നേതൃത്വത്തെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, രഞ്ജിത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന കോൺഗ്രസ്സ് നേതൃത്വം യുവ നടിയുടെ വെളിപ്പെടുത്തലോടെ ഇപ്പോൾ വെട്ടിലായിട്ടുണ്ട്. കോൺഗ്രസ്സുകാരനായി അറിയപ്പെടുന്ന സിദ്ധിഖിന് പ്രമുഖ കോൺഗ്രസ്സ് നേതാക്കളുമായെല്ലാം നല്ല ബന്ധമാണ് ഉള്ളത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പരിഗണിച്ചവരിൽ സിദ്ധിഖും ഉൾപ്പെട്ടിരുന്നു. അതേ സിദ്ധിഖിനെ തള്ളി പറയേണ്ട ഗതികേടാണ് കോൺഗ്രസ്സ് നേതൃത്വത്തിന് ഇപ്പോഴുള്ളത്. യുവ നടിയുടെ ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ താര സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും സിദ്ധിഖ് ഇതിനകം തന്നെ രാജി വച്ചിട്ടുണ്ട്.
ബംഗാൾ നടി ഉന്നയിച്ചതിന് സമാനമായി വർഷങ്ങൾ പഴക്കമുള്ള ആരോപണവുമായാണ് സിദ്ധിഖിന് എതിരെ യുവനടിയും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതും മാധ്യമങ്ങൾ ആക്രമണ ആയുധമായി മാറ്റിയതോടെ ആ പ്രഹരമേറ്റ് സിദ്ധിഖിനും നിലവിൽ രാജിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. നടൻ റിയാസ് ഖാന് എതിരെയും ഇതേ യുവ നടി പുതിയ ആരോപണമുന്നയിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ നടൻ മുകേഷിന് എതിരെ മറ്റൊരു യുവതിയും പീഢന ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. മുൻപ് മീറ്റു ആരോപണത്തിൽ മുകേഷിന് എതിരെ ആരോപണം ഉന്നയിച്ച യുവതിയാണ് വീണ്ടും കൂടുതൽ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സി.പി.എം എം.എൽ.എ കൂടിയാണ് മുകേഷ് എന്നതിനാൽ ഇത് പ്രതിപക്ഷവും ഇപ്പോൾ ഏറ്റുപിടിച്ചിട്ടുണ്ട്.
കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിൽ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടിരുന്നത്.
അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടൻ മുകേഷ് തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും, എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സിൽ ടെസ് തോമസ് കുറിച്ചിരിക്കുന്നത്. ഇതിൽ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസും തൃണമൂൽ കോൺഗ്രസ് എം പിയുമായിരുന്ന ഡെറിക് ഒബ്രയാൻ ആയിരുന്നുവെന്നും ടെസ് തോമസ് പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ നിലപാട് സിനിമാ മേഖലയിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ അവർ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും, സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകുമെന്നുമാണ് കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയിൽ ചോദിക്കുന്നത്.
ഇതുകൂടി ആയതോടെ ആകെ കലങ്ങിമറിഞ്ഞിരിക്കുന്നത് ഇപ്പോൾ സിനിമാ മേഖല മാത്രമല്ല, രാഷ്ട്രീയ മേഖല കൂടിയാണ്. ഇനിയും നിരവധി പേർ വെളിപ്പെടുത്തലുമായി വരും എന്ന അഭ്യൂഹവും മാധ്യമ മേഖലയിൽ ശക്തമാണ്.
ഈ പരാതിയുമായി വരുന്നവർക്കെല്ലാം തന്നെ പറയാനുള്ളത് വർഷങ്ങൾ പഴക്കമുള്ള പഴയ കഥകളാണ്. ഇന്ന് പൊതു സമൂഹത്തോട് മുഖം മറയ്ക്കാതെ കാര്യങ്ങൾ തുറന്നു പറയാൻ കാട്ടിയ ചങ്കൂറ്റം പറയുന്നത് സത്യമാണെങ്കിൽ ഇവർ അപമാനിക്കപ്പെട്ട സമയത്ത് കാട്ടിയിരുന്നുവെങ്കിൽ ശക്തമായ നിയമ നടപടി ഉണ്ടാവുമായിരുന്നു. ഇനി നിയമ നടപടിക്ക് പോകാൻ താൽപ്പര്യമില്ലങ്കിൽ അന്ന് വിവരം പരസ്യപ്പെടുത്താമായിരുന്നു. ഇമേജിൽ മാത്രം ജീവിക്കുന്ന വിഭാഗമായതിനാൽ, അതിനപ്പുറം ഒരു ശിക്ഷ അവർക്ക് കിട്ടാനുമില്ല. എന്നാൽ അതൊന്നും തന്നെ ചെയ്യാതെ ഇപ്പോൾ ഇങ്ങനെ ഓരോരുത്തർ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് മൂലം തൽക്കാലം ആരോപണത്തിന് വിധേയരാവുന്നവർക്ക് മാനഹാനി ഉണ്ടാക്കുകയും പദവികൾ നഷ്ടപ്പെടുത്തുകയും ചെയ്യും എന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. നിയമപരമായി നിലനിൽക്കുന്ന ഒരു തെളിവും ഇപ്പോൾ പുറത്ത് വന്ന ഒരു വെളിപ്പെടുത്തലിലും പുറത്ത് വന്നിട്ടില്ല. കേസ് രജിസ്റ്റർ ചെയ്യാൻ ചിലപ്പോൾ സ്ത്രീകളുടെ മൊഴി മാത്രം മതിയാകും. എന്നാൽ , വിചാരണ ഘട്ടത്തിൽ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലങ്കിൽ കേസ് തന്നെ തള്ളിപ്പോകും. മാത്രമല്ല , ആ സന്ദർഭത്തിൽ ക്രിമിനലായും സിവിലായും നിയമനടപടികളുമായി കുറ്റവിമുക്തരാക്കപ്പെട്ടവർ പോയാൽ പരാതി നൽകിയവരാകും അഴിക്കുള്ളിലാകുക.
യഥാർത്ഥത്തിൽ ഇപ്പോഴത്തെ വിവാദം കൊണ്ട് ലോട്ടറി അടിച്ചിരിക്കുന്നത് വാർത്താ ചാനലുകൾക്കാണ്. ചാനൽ കിടാ മത്സരത്തിൽ മുന്നേറാൻ ഓരോ മണിക്കൂറും പുതിയ പുതിയ സംഭവമാണ് ചാനലുകൾക്ക് വീണുകിട്ടിക്കൊണ്ടിരിക്കുന്നത്. അത് ഇനിയും തുടരാൻ തന്നെയാണ് സാധ്യത.
അതേസമയം തന്നെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും , കോടതി വെറുതെ വിടുന്നവർക്ക് അവകാശമുണ്ട്. നമ്പി നാരായണൻ കേസ് നമുക്ക് മുന്നിൽ ഉള്ളതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയുമില്ല. ഇപ്പോൾ രംഗത്ത് വന്ന നടിമാർ ഉൾപ്പെടെയുള്ളവർ പരാതി പറയാൻ എടുത്ത കാലപഴക്കവും തെളിവുകൾ ഇല്ലാത്തതും ക്രിമിനൽ കേസുകളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുമെന്നാണ് പ്രമുഖ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.
വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ വച്ച് ഒരു യുവ സൂപ്പർതാരം അപമര്യാദയായി പെരുമാറി എന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ഒരു നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇയാളുടെ പേരുൾപ്പെടെ നിരവധി വമ്പൻമാരുടെ പേരുകൾ ഇനിയും പുറത്ത് വരാനുണ്ട് എന്ന് , മാധ്യമ ലോകം പറയുമ്പോൾ ആരാണ് ഇതൊക്കെ പറയിക്കുന്നത് എന്ന വലിയ ഒരു ചോദ്യവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലും നിഷ്പക്ഷമല്ല എന്ന വാദം സിനിമാ സംഘടനകൾ ഉയർത്തുമ്പോൾ അതിനെയും ഈ ഘട്ടത്തിൽ തള്ളിക്കളയാൻ കഴിയുകയില്ല. കാരണം, കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്നും ചിലവിട്ട് തയ്യാറാക്കുന്ന ഒരു റിപ്പോർട്ട് ഏതെങ്കിലും ഒരു വനിതാ സംഘടനയിലെ പ്രവർത്തകരുടെ മൊഴിയിൽ മാത്രം ഒതുങ്ങേണ്ടതല്ല. മറ്റു സിനിമാ സംഘടനയിലെയും സംഘടനകളിൽ അംഗങ്ങൾ അല്ലാത്തവരുടെയും മൊഴികൾ എടുക്കേണ്ട ചുമതല ഹേമ കമ്മറ്റിക്ക് ഉണ്ടായിരുന്നു. എന്നാൽ, അതവർ നിറവേറ്റിയിട്ടില്ല. ഒരു പ്രമുഖ നടിയുടെ മൊഴി വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല എന്ന് റിപ്പോർട്ടിൽ എഴുതി വച്ചവർ വിശ്വാസത്തിൽ എടുക്കാൻ എന്താണ് ‘മാനദണ്ഡമെന്നതും’ വ്യക്തമാക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർ അവർക്ക് ഇഷ്ടമില്ലാത്തവരെ കുരുക്കാനുള്ള അവസരമായി ഈ മൊഴിയെടുപ്പിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഡബ്ല്യൂ.സി.സിയിലെ ഒരു യുവ നടിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ സിനിമാ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം സിനിമാ മേഖലയിലെ പ്രബല വിഭാഗം നേരത്തെ തന്നെ ഉയർത്തുന്നതാണ്. ഇതിൽ യാഥാർത്ഥ്യം ഉണ്ടോ എന്നതും പുതിയ സാഹചര്യത്തിൽ പ്രസക്തമായ കാര്യം തന്നെയാണ്.
സ്ത്രീകളെ ആര് ഏത് മേഖലയിൽ ദോഹിച്ചാലും അവർ ആരു തന്നെ ആയാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പുറത്തുവന്ന എല്ലാ പ്രതികരണങ്ങളെയും നല്ല ഉദ്ദേശത്തിൽ മാത്രം കാണാനും സാധിക്കുകയില്ല.
Also read: ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംശയിക്കാനും കാരണങ്ങൾ ഏറെ, മൊഴി നൽകിയവർ പകവീട്ടിയതെന്നും സംശയം
ഇപ്പോൾ പുറത്ത് വരുന്ന പ്രതികരണങ്ങളെയും അതു കൊണ്ടു തന്നെ അത്ര നിഷ്കളങ്കമായി കാണാൻ കഴിയുകയില്ല. തെളിവുകൾ ഇല്ലാതെ, ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം , വ്യക്തിഹത്യ നടത്താം എന്നൊക്കെയുള്ള അവസ്ഥ വന്നാൽ, ഈ സമൂഹത്തിൽ എങ്ങനെയാണ് പുരുഷൻമാർക്ക് ജീവിക്കാൻ സാധിക്കുക? സ്ത്രീപക്ഷവാദം മുന്നോട്ട് വച്ചത് കൊണ്ട് മാത്രം, ഏറെ ചതിക്കുഴികൾ ഉള്ള ഈ കാലത്ത് മുന്നോട്ട് പോകാൻ കഴിയുകയില്ല. ക്രിമിനൽ സ്വഭാവമുള്ളവരും ദുഷ്ട ചിന്താഗതി ഉള്ളവരും പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും ഉണ്ട്. അവരും തുറന്നുകാട്ടപ്പെടുക തന്നെ വേണം. ഏതെങ്കിലും ഒരു സ്ത്രീ ഒരു തെളിവുകളുടെയും പിൻബലമില്ലാതെ, ബാഹ്യ പ്രേരണയിൽ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ, അവിടെ തീരേണ്ടതല്ല പുരുഷൻമാരുടെ ജീവിതം. സ്ത്രീപക്ഷ നിയമങ്ങൾ, സ്ത്രീകളുടെ അന്തസ്സ് ഉറപ്പ് വരുത്തുന്നതിനും, നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ്. അത് ദുരുപയോഗപ്പെടുത്തുന്നത് , സ്ത്രീ സമൂഹത്തിന് തന്നെയാണ് വിനയാവുക. ഏതാനും ചിലരുടെ താൽപ്പര്യങ്ങൾക്കു വേണ്ടി, അത്തരം ദുരുപയോഗം നടക്കുന്നുണ്ടെങ്കിൽ , അതിന് തടയിടാൻ ആദ്യം രംഗത്ത് വരേണ്ടതും സ്ത്രീ സമൂഹം തന്നെയാണ്.
EXPRESS VIEW