ബുദ്ഗാം: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കും. ബുദ്ഗാം സീറ്റിൽ മത്സരിക്കുന്നതിനായി ഒമർ അബ്ദുല്ല നാമനിർദേശ പത്രിക സമർപ്പിച്ചു. ഗന്ധർബാലിലാണ് അദ്ദേഹം ആദ്യം നാമനിർദേശ പത്രിക നൽകിയത്.
‘‘2 സീറ്റുകളിൽ ഞാൻ മത്സരിക്കുന്നതു ബലഹീനതയല്ല. അത് നാഷനൽ കോൺഫറൻസിന്റെ ശക്തിയുടെ തെളിവാണ്. ബാരാമുല്ല, അനന്ത്നാഗ്, ശ്രീനഗർ എന്നിവിടങ്ങളിലെല്ലാം നാഷനൽ കോൺഫറൻസിന് അനുകൂല ട്രെൻഡാണു കാണുന്നത്. കഴിഞ്ഞ 5-6 വർഷമായി ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കും.
Also Read: ‘ഇന്ന് ബിജെപിയും കോൺഗ്രസും തമ്മിലാണു പോരാട്ടം’: രാഹുൽ ഗാന്ധി
ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ജനം സന്തുഷ്ടരല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ’’– ഒമർ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
90 നിയമസഭാ മണ്ഡലങ്ങളാണു ജമ്മു കശ്മീരിലുള്ളത്, ഇതിൽ 7 എണ്ണം പട്ടികജാതിക്കാർക്കും 9 എണ്ണം പട്ടികവർഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടമായാണു വോട്ടെടുപ്പ്. ഒക്ടോബർ നാലിനാണു വോട്ടെണ്ണൽ.