പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ടശേഷം തന്നെ എം എം ഹസ്സന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബിജെപിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. വേണമെങ്കില്‍ സിപിഐഎമ്മിലേക്ക് പൊക്കോളുവെന്നായിരുന്നു പറഞ്ഞതെന്നും അനില്‍ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിതാവിന്റെ അനുഗ്രഹം തനിക്കുണ്ട്. പിതാവിന്റെ അനുഗ്രഹം താന്‍ തേടുമെന്നും അനില്‍ ആന്റണി പറഞ്ഞു.
ഇന്ന് 11.30 ഓടെയാണ് പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം എറിയാടിലേക്ക് പുറപ്പെടും. പിന്നീട് പടിഞ്ഞാറെ വെമ്പല്ലൂരിലെ എം ഇ എസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന പ്രിയങ്ക റോഡ് മാര്‍ഗ്ഗം സമ്മേളനം നടക്കുന്ന ചേരമാന്‍ പറമ്പ് മൈതാനത്തെത്തും. ഉച്ചയ്ക്ക് ഒന്നേകാലിനാണ് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പത്തനംതിട്ടയിലേയ്ക്ക് പുറപ്പെടുക.
പ്രിയങ്കാ ഗാന്ധിയുടെ പത്തനംതിട്ട സന്ദര്‍ശനം യാതൊരു ഇംപാക്ടും ഉണ്ടാക്കില്ലെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു. പ്രിയങ്കാ ഗാന്ധി പത്തനംതിട്ടയില്‍ എത്തുന്നതില്‍ ആശങ്കയില്ല. പ്രിയങ്കയുടെ വരവ് ഒരു ഇംപാക്ടും ഉണ്ടാക്കില്ല. സ്വന്തം സംസ്ഥാനത്ത് പ്രിയങ്കയും രാഹുലും വട്ടപൂജ്യം ആണെന്നും അനില്‍ ആന്റണി പരിഹസിച്ചു.