എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട; മറുപടിയുമായി സൗമ്യ സരിന്‍

തന്‍റെ രാഷ്ട്രീയം എന്താണെന്ന് ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലാത്ത തന്നോട് ഈ നിലയിൽ പെരുമാറുന്നതിന്‍റെ ഔചിത്യമാണ് സൗമ്യ ചോദ്യം ചെയ്തത്

എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട; മറുപടിയുമായി സൗമ്യ സരിന്‍
എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട; മറുപടിയുമായി സൗമ്യ സരിന്‍

പാലക്കാട്: ഡോ. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെയുണ്ടായ നെഗറ്റീവ് കമന്റുകളില്‍ മറുപടിയുമായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍ രംഗത്ത്. ഭർത്താവും ഭാര്യയും രണ്ട് വ്യക്തികളാണെന്ന ബോധം പോലുമില്ലാതെ കമന്‍റ് ബോക്സിൽ തെറിവിളിക്കുന്നവരെ നേരിടാനുള്ള ബോധ്യം തനിക്കുണ്ടെന്ന് സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Also Read: ‘ഒരു സൂപ്പർ കോൺഫിഡന്‍റെ സംവിധായകന്‍റെ അരങ്ങേറ്റം ഗംഭീരം’: ‘പണിയെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്

തന്‍റെ രാഷ്ട്രീയം എന്താണെന്ന് ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലാത്ത തന്നോട് ഈ നിലയിൽ പെരുമാറുന്നതിന്‍റെ ഔചിത്യമാണ് സൗമ്യ ചോദ്യം ചെയ്തത്. കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ലെന്നും അവർ വിവരിച്ചു. ‘എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമന്‍റ് ബോക്സിനില്ല!’ എന്നും വ്യക്തമാക്കിയാണ് സൗമ്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം. ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീര്‍ത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാന്‍ ??. അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂര്‍വം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങള്‍ കൊണ്ട്.

ഞാന്‍ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്നു എപ്പോഴെങ്കിലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല. ഞാന്‍ സമൂഹത്തില്‍ എന്റെ റോള്‍ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാള്‍ ആണ്. വ്യക്തിപരമായി എനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാന്‍ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട.

ഒരു കാലത്ത് എന്നേ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിരുന്നവര്‍ ഇന്ന് എതിര്‍പക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാന്‍ ആ സ്പിരിറ്റില്‍ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങള്‍ ആരും എന്നേ ‘ സൗമ്യ ‘ ആയി കണ്ടു ഞാന്‍ എന്താണെന്നു മനസ്സിലാക്കി സ്‌നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്‌നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാന്‍ പതറില്ല.

ഞാന്‍, ഡോ. സൗമ്യ സരിന്‍, ഈ പേര് ഈ സമൂഹത്തില്‍ കുറച്ചു പേര്‍ക്കെങ്കിലും അറിയുമെങ്കില്‍ അതിനു പുറകില്‍ എന്റെ വിയര്‍പ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേല്‍വിലാസം ഞാന്‍ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകള്‍ക്ക് ഞാന്‍ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല. എങ്കിലും പറയുകയാണ്. എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതില്‍ ചെളി പറ്റിക്കാന്‍ ഉള്ള കെല്‍പ് തത്കാലം എന്റെ കമ്മെന്റ് ബോക്‌സിനില്ല!

Top