CMDRF

സ്വത്ത് ലഭിച്ചതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കി മരുമകൾ

സ്വത്ത് ലഭിച്ചതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കി മരുമകൾ
സ്വത്ത് ലഭിച്ചതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കി മരുമകൾ

കാസർകോട്: സ്വത്ത് തർക്കത്തെത്തുടർന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം കെട്ടിത്തൂക്കിയ കേസിൽ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂർ ചേപ്പനടുക്കത്തെ പി.അംബികയ്ക്കാണ് (49) കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. കൊളത്തൂർ ചേപ്പനടുക്കത്തെ പരേതനായ നാരായണൻ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.

ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കൊലപാതകത്തിന് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു . പിഴയടച്ചില്ലെങ്കിൽ യഥാക്രമം രണ്ടുവർഷം, ഒരുവർഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമർത്തിയും നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

2014 സെപ്റ്റംബറിലയിരുന്നു സംഭവം. വീടിന്റെ ചായ്പിൽ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു എന്നാണ് കുറ്റപത്രം.രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകൻ കമലാക്ഷൻ (57), ചെറുമകൻ ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.

അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരിൽ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തർക്കമാണ് ഇത്തരത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത്. ബേഡകം പോലീസെടുത്ത കേസിൽ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം എസ്.ഐ. ആയിരുന്ന കെ.ആനന്ദനും തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്‌പെക്ടറായിരുന്ന എ.സതീഷ്‌കുമാറുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.

Top