CMDRF

ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് വന്‍ തുക പിഴ ചുമത്തി ബിസിസിഐ

ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് വന്‍ തുക പിഴ ചുമത്തി ബിസിസിഐ
ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് വന്‍ തുക പിഴ ചുമത്തി ബിസിസിഐ

സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് വന്‍ തുക പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. സഞ്ജുവിന് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയം സ്വന്തമാക്കിയത്.20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം ഗുജറാത്ത് സ്വന്തമാക്കി. അവസാന നാലോവറില്‍ ജയിക്കാന്‍ 60 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) ചേര്‍ന്നാണ് ഗുജറാത്തിന് വിജയം നേടികൊടുത്തത്.

ആദ്യ പിഴവായതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎല്‍ വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.

Top