CMDRF

കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു
കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര മച്ചേൽ അമ്പറത്തലയ്ക്കൽ കുണ്ടൂർക്കോണം ശരത് ഭവനിൽ ശരതിന്റെ ഭാര്യ കൃഷ്ണ തങ്കപ്പന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം.

ചികിത്സാപ്പിഴവാണെന്ന ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം. ശരീരത്തിനു നിറവ്യത്യാസമുണ്ടാവുകയും ചെയ്തു. ഉടനെ ആശുപത്രിയധികൃതർ ആംബുലൻസ് വിളിച്ചുവരുത്തി കൃഷ്ണയെ ബന്ധുക്കൾക്കൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു. കൃഷ്ണ ആസ്ത്‌മയ്ക്കു ചികിത്സയിലാണെന്നും ഇൻഹെയ്‌ലർ ഉപയോഗിക്കുന്നുണ്ടെന്നും ഭർത്താവ് പറഞ്ഞു. ചികിത്സിച്ച ഡോ. വിനുവിനോട് ഇക്കാര്യം പറഞ്ഞിട്ടും അലർജി പരിശോധന നടത്താതെ കുത്തിവെച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Top