പൊലീസ് കേസിന് പിന്നാലെ വിജിലൻസിൻ്റെ ‘കുരുക്കും’ വെള്ളാപ്പള്ളിമാരെ ‘പൂട്ടാൻ’ ഇടതുപക്ഷ സർക്കാർ !

പൊലീസ് കേസിന് പിന്നാലെ വിജിലൻസിൻ്റെ ‘കുരുക്കും’ വെള്ളാപ്പള്ളിമാരെ ‘പൂട്ടാൻ’ ഇടതുപക്ഷ സർക്കാർ !
പൊലീസ് കേസിന് പിന്നാലെ വിജിലൻസിൻ്റെ ‘കുരുക്കും’ വെള്ളാപ്പള്ളിമാരെ ‘പൂട്ടാൻ’ ഇടതുപക്ഷ സർക്കാർ !

മുഖ്യമന്ത്രി പിണറായി വിജയനെ സുഖിപ്പിക്കുക, സി.പി.എമ്മിനെ കടന്നാക്രമിക്കുക… ഈ തന്ത്രമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പയറ്റി വന്നിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങളില്‍ അത് വ്യക്തവുമാണ്. എന്നാല്‍, ഈ തന്ത്രമിപ്പോള്‍ പാളിയിരിക്കുകയാണ്. സി.പി.എം ഒരു തീരുമാനമെടുത്താല്‍ അതിന്റെ ഒപ്പം നില്‍ക്കാന്‍ മാത്രമേ, മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിലെ സി.പി.എം മന്ത്രിമാര്‍ക്ക് സാധിക്കുകയുള്ളൂ.

വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ ഇപ്പോള്‍ പൊലീസ് എടുത്ത കേസ് ഒരു തുടക്കം മാത്രമാണ്. മാലപ്പടക്കം പൊട്ടും പോലെയാണ് ഇനി വെള്ളാപ്പള്ളിമാരുടെ സാമ്രാജ്യം പൊട്ടാന്‍ പോകുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി ചേര്‍ത്തല പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിലവില്‍ വെള്ളാപ്പള്ളിമാര്‍ക്ക് എതിരെ നടക്കുന്ന വിജിലന്‍സ് കേസിന് പുറമെയാണിത്. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയനില്‍പ്പെട്ട പള്ളിപ്പുറം ശാഖാ യോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായസംഘത്തിന്റെ പരാതിയിലാണ് അപ്രതീക്ഷിതമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

വിശ്വാസവഞ്ചന, ചതി ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളിയാഴ്ച കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതായത് എപ്പോള്‍ വേണമെങ്കിലും വെള്ളാപ്പള്ളി പുത്രനെ പിണറായിയുടെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്നത് വ്യക്തം. തട്ടിപ്പ് നടക്കുമ്പോള്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്നു തുഷാര്‍. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമാണ് അദ്ദേഹം. ഈ കേസില്‍, എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ കണ്‍വീനറായിരുന്ന അന്തരിച്ച കെ കെ മഹേശന്‍ ഒന്നാം പ്രതിയും, ഓഫീസ് ജീവനക്കാരനായിരുന്ന സുരേന്ദ്രന്‍ മൂന്നാം പ്രതിയുമാണ്.

2018 മെയ് നാലിന് സംഘടന മുഖേന യൂണിയന്‍ ബാങ്ക് കലവൂര്‍ ശാഖയില്‍നിന്ന് ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്പ, തട്ടിപ്പിന് ഉപയോഗിച്ചതായാണ് പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. പലിശയിനത്തില്‍ 1,11,465 രൂപ ഉള്‍പ്പെടെ നിശ്ചിത ഗഡുക്കളായി യൂണിയന്‍ ഓഫീസില്‍ കൃത്യമായി അടച്ചെങ്കിലും അവിടെനിന്ന് ബാങ്കിന് നല്‍കിയിരുന്നില്ല. അരലക്ഷത്തോളം രൂപ മാത്രമാണ് യൂണിയന്‍ അടച്ചിരുന്നത്. ശേഷിച്ച തുക പ്രതികള്‍ കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന്, വായ്പത്തുകയും പലിശയും പൂര്‍ണമായി അടച്ച് വായ്പയിടപാട് അവസാനിപ്പിച്ചതായി യൂണിയന്‍ ഓഫീസിലെ പാസ്ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം സീല്‍ പതിപ്പിച്ച് സംഘത്തിന് നല്‍കിയെന്നും പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അംഗങ്ങള്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടിരുന്നത്. സംഘാംഗങ്ങള്‍ യൂണിയന്‍ ഭാരവാഹികളെ സമീപിച്ചപ്പോള്‍ ഉടന്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് അവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ നിര്‍ബന്ധിതമായിരുന്നത്. നിലവിലെ യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ടി അനിയപ്പന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നല്‍കിയ ഉറപ്പുപോലും പാലിക്കാത്തതിനാലാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാണ്. വെള്ളാപ്പള്ളിമാര്‍ക്ക് എതിരെ വരുന്ന പരാതികളില്‍ വസ്തുത മനസ്സിലാക്കിയ ശേഷം മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ചേര്‍ത്തല പൊലീസ് പാലിച്ച സാഹചര്യത്തില്‍ പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് കരുതി മാറി നിന്നവരും പുതിയ പരാതികളുമായി ഇനി എത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍, മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ വെള്ളാപ്പള്ളിമാര്‍ക്ക് എതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.

ചേര്‍ത്തലയിലെ 102 സംഘങ്ങള്‍ക്ക്! യൂണിയന്‍ ബാങ്ക് 2013 മുതല്‍ നല്‍കിയ 4.42 കോടി രൂപയും, പലിശയും, കുടിശ്ശികയുള്ളതായാണ് ലഭിക്കുന്ന വിവരം. 1,200 കുടുംബങ്ങളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. മൂന്ന് സംഘങ്ങള്‍ ഇതിനകം പരാതിയുമായി പൊലീസിനെ സമീപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടും.

മകനെ ബി.ജെ.പി പാളയത്തില്‍ എത്തിക്കുകയും ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ അണിയറയില്‍ ചരടുവലിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്‍, തന്റെ പിന്‍ഗാമി ആയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ഉയര്‍ത്തിക്കാട്ടുന്നത്. വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതോടെ, തുഷാര്‍ വെള്ളാപ്പള്ളി ആ സ്ഥാനത്ത് എത്തുമെന്നും അതോടെ പൂര്‍ണ്ണമായും എസ്.എന്‍.ഡി.പി യോഗത്തെ കൈപിടിയിലാക്കാമെന്നും ആണ് സംഘപരിവാര്‍ നേതൃത്വം കണക്കുകൂട്ടുന്നത്. 2031 -ല്‍ കേരള ഭരണം പിടിക്കുക എന്ന ബി.ജെ.പി അജണ്ടയില്‍, എസ്.എന്‍.ഡി.പി യോഗത്തെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. വെള്ളാപ്പള്ളി നടേശന് മറ്റ് ചില പരിമിതികള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് ബി.ജെ.പി താല്‍പ്പര്യം അതേ രൂപത്തില്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, എന്‍.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

വെള്ളാപ്പള്ളിയും ഈ അജണ്ടയ്ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ രഹസ്യമായും പരസ്യമായും വെള്ളാപ്പള്ളി നടേശന്‍ സഹായിച്ചതും ബി.ജെ.പിയെയാണ്. തന്റെ പിന്‍ഗാമിയായ തുഷാര്‍ വെള്ളാപ്പള്ളിയെ ഒരു കേന്ദ്ര മന്ത്രിയായി കാണണമെന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ആഗ്രഹം. അതിനുള്ള ചരടുവലികള്‍ അദ്ദേഹം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി തുഷാര്‍ വെള്ളാപ്പള്ളിയെ കേരള പൊലീസ് കുരുക്കിയിരിക്കുന്നത്. ഇനിയും കൂടുതല്‍ കേസുകള്‍ പിന്നാലെ വരുമെന്നതും രജിസ്റ്റര്‍ ചെയ്തത് ഗൗരവമുള്ള കേസായതിനാലും തുഷാറിനെ രാജ്യസഭ അംഗമാക്കാനോ, കേന്ദ്രമന്ത്രിയാക്കാനോ ബി.ജെ.പി നേതൃത്വത്തിന് സാധിക്കുകയുമില്ല. അതാണ് നിലവിലെ അവസ്ഥ.

ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് കേരള പൊലീസ് പൂട്ടിയതെങ്കില്‍, വെള്ളാപ്പള്ളി നടേശന് എതിരായ കുരിക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വെള്ളാപ്പള്ളി നടേശനെ അടക്കം പ്രതിയാക്കി മുന്‍പ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ പുറത്തുവരും. വിജിലന്‍സ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ട് ഇപ്പോള്‍ ഒരു മാസം തികയാറായി. ഈ സഹചര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിലപാടാണ് നിര്‍ണ്ണായകമാവുക.

ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിക്കുള്ള കുരുക്ക് മുറുകുമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വെള്ളാപ്പള്ളിക്ക് എതിരായാല്‍ അത് വലിയ തിരിച്ചടിയാണ് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിനും, വെള്ളാപ്പള്ളി കുടുംബത്തിനും ഉണ്ടാക്കുക. കേസിന്റെ പുരോഗതി റിപ്പോര്‍ട്ട് നേരത്തെ തന്നെ വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.ബാബു അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന പുതിയ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് പിണറായിയെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് അനുകൂലമായ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരുന്നത്.

‘പിണറായി വിജയന്‍ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും, ലോകസഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. സംസ്ഥാനത്ത് മൂന്നാമതും ഇടതുപക്ഷ സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം തട്ടിവിട്ടിരുന്നു. എന്നാല്‍, ഈ പ്രതികരണത്തിനു പിന്നാലെ വെള്ളാപ്പള്ളിയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് പുതിയ ഒരു കേസ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്വന്തം തടി കേടാവാതിരിക്കാന്‍ വെള്ളാപ്പള്ളി കാട്ടിക്കൂട്ടുന്ന അഭ്യാസമൊന്നും ഇനി ഇടതുപക്ഷ സര്‍ക്കാരില്‍ വിലപോവില്ലെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്.

കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത് വെള്ളാപ്പള്ളിയുടെ പിന്തുണയിലല്ല. അങ്ങനെ ഒരു സ്വാധീനം സ്വന്തം സമുദായത്തില്‍ പോലും വെള്ളാപ്പള്ളിക്ക് ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രസേനയുടെ സുരക്ഷയില്‍ കറങ്ങി നടക്കുന്ന വെള്ളാപ്പള്ളി അവസരവാദ രാഷ്ട്രീയമാണ് ഇത്രയും കാലം പയറ്റിയിരുന്നത്. അത് ഈഴവ സമുദായവും ഇപ്പോള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് ഈഴവ സമുദായത്തില്‍ സ്വാധീനമില്ലെങ്കിലും എസ്.എന്‍.ഡി.പി യോഗം എന്ന മഹത്തായ പാരമ്പര്യമുള്ള ഒരു സംഘടനയെ അദ്ദേഹം കാവിവല്‍ക്കരിക്കാന്‍ പരിവാറുകാര്‍ക്ക് അവസരം നല്‍കിയാല്‍ അത് വലിയ പ്രത്യാഘാതമാണ്, രാഷ്ട്രീയ കേരളത്തില്‍ ഉണ്ടാക്കുക. അതു തന്നെയാണ് സി.പി.എമ്മും ഭയപ്പെടുന്നത്. അതുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗത്തില്‍ ഇടപെടുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പിന്നോക്ക – ഈഴവ വിഭാഗങ്ങളില്‍ സ്വാധീനമുള്ളത് സി.പി.എമ്മിനാണ്. ഈ സ്വാധീനം തകര്‍ക്കാതെ ബി.ജെ.പിക്ക് ഒരിക്കലും കേരളത്തില്‍ മുന്നേറാന്‍ കഴിയുകയില്ല. വെള്ളാപ്പള്ളിയുടെ മകന്റെ പാര്‍ട്ടിയായ ബി.ഡി.ജെ.എസിന്, ഈഴവ വിഭാഗത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ തന്നെ അതിന് ഉദാഹരണമാണ്. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെ അവസ്ഥ അതല്ല, ഈഴവ വിഭാഗത്തില്‍ നല്ല സ്വാധീനം ആ സംഘടനയ്ക്കുണ്ട്. സി.പി.എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും ധാരാളം എസ്.എന്‍.ഡി.പി യോഗത്തില്‍ ഉണ്ടെങ്കിലും രാഷ്ട്രീയ നിലപാട് വരുമ്പോള്‍ അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പതിവ്.

ഈ പതിവ് രീതി തെറ്റിക്കാന്‍ വെള്ളാപ്പള്ളിയുടെ നാവിനെയാണ് ബി.ജെ.പി ഇത്തവണ ഉപയോഗപ്പെടുത്തിയത്. വിദ്വേഷം പടര്‍ത്തുന്ന പ്രതികരണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി എന്ന രൂപത്തില്‍ വെള്ളാപ്പള്ളി നടത്തിയതും, യോഗം ശാഖകള്‍ വഴി നടത്തിയ അത്തരം ഇടപെടലുകളും ഒരു വിഭാഗം ഈഴവ വോട്ടുകള്‍ ബി.ജെ.പി പാളയത്തില്‍ എത്താന്‍ കാരണമായിട്ടുണ്ട്. അതിന് പ്രധാന കാരണം, സി.പി.എം തന്നെയാണ്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് തന്നെ വലിയ തെറ്റാണ്. ഇങ്ങനെ ഇടതുപക്ഷ സര്‍ക്കാരുമായി അടുത്ത് നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍, ബി.ജെ.പിക്ക് അനുകൂലമായി കളമൊരുക്കുമ്പോള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന എസ്.എന്‍.ഡി.പി അംഗങ്ങളിലെ ഒരു വിഭാഗവും, ആ കളത്തില്‍ വീണ് പോയിട്ടുണ്ട്. അതുകൊണ്ടാണ് ആലപ്പുഴയില്‍ ഉള്‍പ്പെടെ ബി.ജെ.പിക്ക് വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

വി.എസ് അച്യുതാനന്ദന്‍ എതിര്‍ത്തതു പോലെ, ശക്തമായ കടന്നാക്രമണം വെള്ളാപ്പള്ളിക്ക് എതിരെ സി.പി.എം നടത്തിയിരുന്നു എങ്കില്‍ ഒരു പരിധിവരെ വോട്ട് ബാങ്ക് ചോരാതെ നോക്കാന്‍ കഴിയുമായിരുന്നു. ബി.ജെ.പിയ്ക്ക് ഇതുവരെ ലഭിച്ചിരുന്നത് പ്രധാനമായും മുന്നോക്ക വോട്ടുകള്‍ ആയിരുന്നെങ്കില്‍, ശബരിമല വിവാദം വന്നതോടെ ഈഴവ വോട്ട് ബാങ്കിലും അവര്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

നിപയും, പ്രളയവും, കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയും… അതിനെ അതിജീവിക്കാന്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമാണ്, 2021-ല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നേടിക്കൊടുത്തിരുന്നത്. അല്ലായിരുന്നു എങ്കില്‍, വലിയ തിരിച്ചടി ഇടതുപക്ഷത്തിന് നേരിടേണ്ടി വരുമായിരുന്നു. വിശ്വാസത്തിനുമപ്പുറം ജനങ്ങളുടെ വിവേകമാണ്, 2021-ലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നത്. ഈ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവ വോട്ടുകള്‍ ഭദ്രമാണെന്ന തോന്നല്‍ ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ട്. അവിടെയാണ് അവര്‍ക്ക് പിഴച്ചിരിക്കുന്നത്.

ശബരിമല പ്രക്ഷോഭ കാലത്ത് ബി.ജെ.പിയിലേക്ക് പോയ ഇടതുപക്ഷ വോട്ടുകള്‍ ഇപ്പോഴും ബി.ജെ.പി പെട്ടിയിലേക്ക് വീഴുന്നു എന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഫലം. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ സര്‍ക്കാരാണ് ഇതെന്ന് പറഞ്ഞു തന്നെയാണ്, വിശ്വാസികള്‍ക്കിടയില്‍… ലോകസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ട് ചോദിച്ചിരിക്കുന്നത്. അവരുടെ കുടുംബയോഗങ്ങളില്‍ അത് പ്രകടവുമായിരുന്നു. ഈ വികാരം വീണ്ടും ഉണര്‍ത്തുന്നതില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളിലെ പ്രബല വിഭാഗവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അതുകൊണ്ട് കൂടിയാണ് 20 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. തൃശൂര്‍ ലോകസഭ സീറ്റില്‍ അട്ടിമറി വിജയം നേടിയ ബി.ജെ.പി, 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും, 9 ഇടത്ത് രണ്ടാമതും എത്തിയിട്ടുണ്ട്. തൃശൂരില്‍ ബി.ജെ.പിയുടെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകളും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഹമാസ് അനുകൂല നിലപാടുകളും, റാലികളും ഉള്‍പ്പെടെ, ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എം സ്വീകരിച്ച പല നിലപാടുകളും മുസ്ലിം പ്രീണനമായി ചിത്രീകരിക്കാന്‍ ബി.ജെ.പിക്കും വെള്ളാപ്പള്ളിക്കും കഴിഞ്ഞിട്ടുണ്ട്. ഇതും ഹൈന്ദവ വോട്ട് ബാങ്കിനെ സ്വാധീനിച്ചിട്ടുണ്ട്. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാകാന്‍ ഇതും ഒരു കാരണമാണ്.

മുസ്ലിം ലീഗിനും, മുസ്ലിം സംഘടനകള്‍ക്കും പോലും ഇല്ലാത്ത വികാരം പ്രകടിപ്പിച്ച് വൈകാരികമായി തന്നെ ന്യൂനപക്ഷ വിഷയങ്ങളില്‍ സി.പി.എം ഇടപെട്ടിട്ടുണ്ട്. എന്നാല്‍, അതിന് അനുസരിച്ചുള്ള ഒരു പരിഗണനയും മുസ്ലിം സമുദായത്തില്‍ നിന്നും ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ലെന്നതും ഒരു വസ്തുതയാണ്. മുസ്ലിം സമുദായത്തിന്റെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഏറ്റവും ശക്തമായി പ്രതികരിച്ചതും, പ്രക്ഷോഭം നടത്തിയതും, സി.പി.എമ്മും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും ആണെങ്കില്‍ അതിന്റെ നേട്ടം കൊണ്ടുപോയത്, ലീഗും കോണ്‍ഗ്രസ്സുമാണ്. അതുകൊണ്ടാണ്, 20-ല്‍ 18 സീറ്റുകളിലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ബി.ജെ.പി വോട്ട് വര്‍ദ്ധിപ്പിച്ചില്ലായിരുന്നു എങ്കില്‍, ആലത്തൂരില്‍ പോലും ഇടതുപക്ഷം പരാജയപ്പെടുമായിരുന്നു. ഇവിടെ രമ്യ ഹരിദാസിന് ലഭിക്കേണ്ട വോട്ടുകളില്‍ നല്ലൊരു പങ്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ സരസുവിന്റെ പെട്ടിയിലാണ് വീണിരിക്കുന്നത്. കണക്കുകള്‍ വ്യക്തമാക്കുന്നതും അതു തന്നെയാണ്.

ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രധാന അജണ്ട. അതിനുവേണ്ടി ആരുമായും കൂട്ട് കൂടാന്‍ അവര്‍ ഒരുക്കമാണ്. എസ്.എന്‍.ഡി.പി യോഗത്തെ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതും അതിനു വേണ്ടിയാണ്. വെള്ളാപ്പള്ളിയുടെ പല സ്റ്റേറ്റ്മെന്റിനു പിന്നിലും സംഘപരിവാറിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്.

എസ്.എന്‍.ഡി.പി ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ലെന്നു പറയുന്ന വെള്ളാപ്പള്ളി, ഈ നീക്കത്തില്‍ നിന്നും പിണറായി തന്നെ പാര്‍ട്ടിയെ തടയുമെന്നാണ് ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ കേസെടുത്താണ് പിണറായി സര്‍ക്കാര്‍ അതിനു മറുപടി നല്‍കിയിരിക്കുന്നത്.

വെള്ളാപ്പള്ളിമാരുടെ സംഘപരിവാര്‍ അജണ്ട തുറന്നുകാട്ടുക എന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയനയമാണ്. ഈ നയം സി.പി.എം നടപ്പാക്കി തുടങ്ങിയതു തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ‘പണി’ കൊടുത്ത് കൊണ്ടാണ്. വെള്ളാപ്പള്ളി കുടുംബത്തെയും ബി.ജെ.പിയെയും മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകരെ പോലും… ഞെട്ടിച്ച നീക്കമാണിത്.

EXPRESS VIEW

Top