ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പരീക്ഷ എഴുതിയ പൂജ ഖേദ്കറുടെ ഐ.എ.എസ് യു.പി.എസ്.സി റദ്ദാക്കിയതിനു പിന്നാലെ സര്‍വീസില്‍ തുടരുന്ന ആറ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. ഇവര്‍ ഹാജരാക്കിയ വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് യു.പി.എസ്.സി അധിക്യതര്‍ അറിയിച്ചു.
ഇവരില്‍ അഞ്ചു പേര്‍ ഐ.എ.എസുകാരും ഒരാള്‍ ഐ.ആര്‍.എസ് തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. ഐ.എ.എസ് റദ്ദാക്കിയതിനു പിന്നാലെ ഇനിയുള്ള എല്ലാ പരീക്ഷകളില്‍ നിന്നും പൂജ ഖേദ്കറെ വിലക്കിയിട്ടുണ്ട്. അതിനിടെ, 2009 മുതല്‍ 2023 വരെ ശുപാര്‍ശ ചെയ്ത 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും പൂജ ഖേദ്കറെ മാത്രമാണ് പരീക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരിയായി കണ്ടെത്തിയതെന്നും യൂ.പി.എസ്.സി അറിയിച്ചു.
അതേസമയം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസിലെ പ്രതിയായ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഡല്‍ഹി കോടതി തള്ളി.ഒ.ബി.സി ക്വാട്ടയില്‍ അനുവദനീയമായ പ്രായപരിധിക്കപ്പുറം ആനുകൂല്യങ്ങള്‍ നേടിയവരെയും അനര്‍ഹമായി വൈകല്യ ആനുകൂല്യം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെയും കണ്ടെത്താന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതായും കോടതി അറിയിച്ചു.