CMDRF

പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി

പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്

പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി
പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി

തിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്.

എന്നാൽ, ബുധനാഴ്ച രാവിലെ അറവുശാല തുറന്നിരുന്നു. ഇതേതുടർന്ന് ജോലിക്കാരെ നാട്ടുകാർ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തിരൂർ പൊലീസെത്തിയാണ് അറവിനായി എത്തിയവരെ തിരിച്ചയച്ചത്.തുടർന്ന് തിരൂർ നഗരസഭ ചെയർപേഴ്‌സൻ എ.പി. നസീമയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി ചർച്ച നടത്തുകയും തുടർന്ന് അറവുശാല അടച്ചു പൂട്ടി സീൽ ചെയ്യുകയുമായിരുന്നു. അറവുശാല അടച്ചുപൂട്ടുന്നതിനായി കൂടെനിന്ന നാട്ടുകാർക്കും സഹകരിച്ചവർക്കും സമരസമിതി അംഗങ്ങളായ സി. ജൗഹർ, നൗഷാദ് പരന്നേക്കാട്, വി.പി. ഉനൈസ്, ഹുസൈൻ, മജീദ്, ഫൈസൽ അമ്മേങ്ങര എന്നിവർ നന്ദി പറഞ്ഞു.

അതേസമയം, ആധുനിക രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന അറവുശാലയുടെ നിർമാണ പ്രവൃത്തികളാണ് ഇവിടെ നടന്നുവരുന്നതെന്നും 80 ശതമാനം പൂർത്തിയായെന്നും പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് പുനഃപരിശോധന നടത്തി ഉചിതമായ തീരുമാനം എടുക്കുംവരെ അറവുശാല അടച്ചുപൂട്ടുകയാണന്നും നഗരസഭ അധികൃതർ അറിയിച്ചു.

Top