കാലിഫോര്‍ണിയ: ‘ഇത് മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്ത് ആപ്പിളിനെ കളിയാക്കി സാംസങ്. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ട്രോളുമായി സാംസങ് രംഗത്തെത്തിയത്. 2022ല്‍ കമ്പനി പങ്കുവെച്ച പോസ്റ്റാണിത്. ഇപ്പോഴും ആപ്പിളിന്റെ മടക്കും ഫോണിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും സാംസങ് പറയുന്നുണ്ട്.
ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഐഫോണ്‍ 16 സീരീസിനൊപ്പം അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയിഡ് നിര്‍മാതാക്കള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ് എന്ന് കാണിച്ചാണ് ട്രോളുകളില്‍ ഏറെയും.
Also Read: ഐഫോണ്‍ മോഡലുകളുടെ വില അറിയണ്ടേ?
ഇതിന് മുന്‍പും ആപ്പിളിനെ കളിയാക്കി സാംസങ് രംഗത്തുവന്നിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളും കലാ ഉപകരണങ്ങളും ഹൈഡ്രോളിക് പ്രസില്‍ നശിപ്പിക്കുന്നതായി കാണിക്കുന്ന ആപ്പിളിന്റെ ഐപാഡ് പ്രോ പരസ്യം ഓര്‍മ്മയില്ലേ?. ഇത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സാഹചര്യത്തിലാണ് ആപ്പിളിന്റെ പരസ്യം നിര്‍ത്തിയ ഇടത്ത് നിന്ന് ആരംഭിക്കും വിധമുള്ള പുതിയ പരസ്യ വീഡിയോയുമായി സാംസങ് എത്തിയത്.
ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോളാണ്. ട്രോള്‍ പേജുകളും എക്‌സിലെ യൂസര്‍മാരുമാണ് ട്രോളുകളുമായി ആദ്യം രംഗത്തെത്തിയത്. ഇന്നോവേറ്റിവായി എന്തെങ്കിലും തരണമെന്ന് അഭ്യര്‍ഥിച്ച ഐഒഎസ് അടിമയ്ക്ക് ആപ്പിള്‍ സിഇഒ നല്‍കിയ ദാനമാണ് പൗസ് വീഡിയോ റെക്കോര്‍ഡിങ്ങും ആപ്പ് ലോക്കും എന്ന് തുടങ്ങി പഴയ നോക്കിയ മോഡലിന്റെ കോപ്പിയാണ് ക്യാമറ കണ്‍ട്രോള്‍ ബട്ടണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രോളുകളേറെയും. ആപ്പിള്‍ സിഇഒ ടിം കുക്കിനെ കളിയാക്കിയാണ് ഏറെയും ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്. പുതിയ ഐഫോണ്‍ ഡിസൈനാണ് ട്രോളന്‍മാരുടെ പ്രചോദനം.