കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികകളുമായി വീണ്ടും അറസ്റ്റിലായി. കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനാണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 40 നൈട്രോസെപാം ഗുളികകൾ പോലീസ് കണ്ടെടുത്തു.
അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം പ്രതി അക്രമാസക്തനായിരുന്നു. സാഹസികമായാണ് എക്സൈസ് സംഘം പ്രതിയെ കീഴടക്കിയത്. നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Also Read: പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ
ഹോസ്റ്റല്‍ വിദ്യാർഥികൾക്കാണ് പ്രതി കൂടുതലായും മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. നൈട്രോസെപാം ഗുളികകളുടെ ചെറിയ തോതിലുള്ള ഉപയോഗം വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. അതേസമയം ഇയാളുടെ കെണിയില്‍ അകപ്പെട്ടവരെ കണ്ടെത്തി എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്തി ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.