സ്ഫോടന പരമ്പരകൾക്കു പിന്നാലെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി സർവ സന്നാഹങ്ങളുമായി അമേരിക്കയും രംഗത്തുണ്ട്. മധ്യപൂർവദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും ആ സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു.
യുദ്ധം രൂക്ഷമാകുന്നതിനെതിരെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യമായ അപകടസാധ്യത മുന്നിലുണ്ട്. വടക്കൻ ഇസ്രയേലിലുള്ളവർ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നത് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
Also Read: നിഗൂഢ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്..
ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചർ ബാരലുകളുമുൾപ്പെടെ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചിരുന്നു. അതേസമയം, പേജർ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അതേസമയം, ആക്രമണത്തിന് ഇസ്രയേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള വ്യക്തമാക്കിയത്. ഇസ്രയേൽ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.
അമേരിക്കയുടെ സഹായം
കിഴക്കൻ മെഡിറ്ററേനിയൻ കടലിടുക്ക് മുതൽ ഒമാൻ കടലിടുക്ക് വരെയുള്ള മേഖലകളിൽ വ്യാപിച്ചു കിടക്കുകയാണ് അമേരിക്കൻ നാവികസേനയുടെ പടക്കപ്പൽ വ്യൂഹം. ഇതിനു പുറമേ ഏത് ആക്രമണത്തെയും ചെറുക്കാൻ സന്നദ്ധമായി വ്യോമസേനയുടെയും നാവികസേനയുടെയും പോർവിമാനങ്ങളും വിവിധ മേഖലകളിലായി തക്കം പാർത്തിരിക്കുന്നു. ലബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേലിന്റെ സംഘർഷം രൂക്ഷമായതോടെ കിഴക്കൻ മെഡിറ്ററേനിയനിലും പേർഷ്യൻ ഗൾഫ് പ്രവിശ്യയിലും യുഎസ് നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
ഏബ്രഹാം ലിങ്കൻ നയിക്കുന്ന വിമാനവാഹിനി കപ്പൽപ്പടയെ ഒമാൻ കടലിടുക്കിൽ വിന്യസിച്ചു. അമേരിക്കൻ നാവികസേനയുടെ കപ്പൽപ്പട ചെങ്കടലിലും സജ്ജമാണ്. ഗൈഡഡ്– മിസൈൽ സംവിധാനങ്ങളോടെയുള്ള യുഎസ്എസ് ജോർജിയ എന്ന അന്തർവാഹിനി കഴിഞ്ഞ മാസം ചെങ്കടലിൽ എത്തിച്ചിരുന്നു. കിഴക്കൻ മെഡിറ്ററേനിയൽ കടലിൽ യുഎസ്എസ് വാസ്പ് ഉൾപ്പെടെ ആറ് പടക്കപ്പലുകളുണ്ട്. യുഎസ്എസ് ഏബ്രഹാം ലിങ്കനിൽ നിന്നുള്ള ആറ് എഫ്/എ-18 ഫൈറ്റർ ജെറ്റുകളെ പ്രദേശത്തെ ഒരു ലാൻഡ് ബേസിലേക്ക് മാറ്റി. അത് എവിടെയാണ് എന്നത് അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയാണ്.