ചെന്നൈ: തിരുവണ്ണാമലയില്‍ മന്ത്രവാദികള്‍ വിഹരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കാറിന്റെ ഡാഷ്ബോര്‍ഡില്‍ തലയോട്ടിയുമായി അഘോരി. പട്ടണത്തില്‍ കാര്‍ തിരുവണ്ണാമല തേരടി റോഡില്‍ നിര്‍ത്തിയിടുകയായിരുന്നു. ഡാഷ്ബോര്‍ഡില്‍ പുറത്ത് നിന്ന് കാണാവുന്ന രീതിയിലാണ് തലയോട്ടികള്‍ പ്രദര്‍ശിപ്പിച്ചത്. അഘോരി നാഗസാക്കി എന്നെഴുതിയ നമ്പര്‍ പ്ലേറ്റും ഇതിലുണ്ടായിരുന്നു.
തലയോട്ടികളുള്ള വാഹനം കാണാന്‍ റോഡില്‍ ധാരാളം ആളുകള്‍ തടിച്ചുകൂടി. വൈകാതെ, വിഷയം തിരുവണ്ണാമല ടൗണ്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും ചെയ്തു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു.
ശനിയാഴ്ച അരുണാചലേശ്വര ക്ഷേത്ര ദര്‍ശനത്തിനായി തിരുവണ്ണാമലയിലെത്തിയ വാരണാസിയില്‍ നിന്നുള്ള അഘോരിയാണ് ഉടമയെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാള്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഗതാഗതം തടസപ്പെടുത്തിയതിന് 3000 രൂപ പിഴ ചുമത്തി ഇയാളെ വിട്ടയച്ചു.