CMDRF

അഗ്നിവീർ പദ്ധതി നിർത്തലാക്കണം; വെല്ലുവിളിയായി സഖ്യകക്ഷികളുടെ ആവശ്യങ്ങൾ

അഗ്നിവീർ പദ്ധതി നിർത്തലാക്കണം; വെല്ലുവിളിയായി സഖ്യകക്ഷികളുടെ ആവശ്യങ്ങൾ
അഗ്നിവീർ പദ്ധതി നിർത്തലാക്കണം; വെല്ലുവിളിയായി സഖ്യകക്ഷികളുടെ ആവശ്യങ്ങൾ

ഡൽഹി: ജാതി സെൻസസ് നടപ്പാക്കണം, അഗ്നിവീർ പദ്ധതി നിർത്തലാക്കണം തുടങ്ങിയ ജെഡിയു നിദേശങ്ങളിൽ ബിജെപിക്ക് തിരിച്ചടിയായേക്കും. സർക്കാർ രൂപീകരണത്തിന് സഖ്യകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചർച്ച തുടങ്ങി ബിജെപി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. റെയിൽവേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്കിയ പട്ടികയിൽ ഉണ്ട്. ആറു മന്ത്രിമാരെ നൽകണം എന്ന നിർദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്. ജനവിധി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി. എത്രയും വേഗം സർക്കാർ രൂപീകരിക്കണം എന്നാണ് നിതീഷ് കുമാർ നിർദ്ദേശിച്ചത്.

എൻഡിഎയിൽ ഉറച്ചു നില്ക്കുകയാണെന്നും ഇന്ത്യ സഖ്യവുമായി ഒരു ചർച്ചയുമില്ലെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യം എന്തു കരുതിയാലും ഞങ്ങൾ എൻഡിഎയുടെ കൂടെ ഉറച്ചു നിൽക്കുകയാണെന്നാണ് ടിഡിപി വക്താവ് പ്രേംകുമാർ ജയിൻ പറഞ്ഞു. ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, അനുപ്രിയ പട്ടേൽ, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്നാഥ് ഷിൻഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ എന്ന ചർച്ചകൾ സജീവമാണ്. രാജ്നാഥ് സിംഗ് ഈ മന്ത്രാലയത്തിൽ വരുന്നതിനോടാണ് ചില സഖ്യകക്ഷികൾക്ക് താല്പര്യം.

ഇതിനിടെ, ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ടിഡിപി സർക്കാരിൻറെ സത്യപ്രതിജ്ഞയുടെ തീയതിയും മാറ്റി. ജൂൺ 12നായിരിക്കും ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. നേരത്തെ ജൂൺ എട്ടിനായിരുന്നു സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് എട്ടിന് നടക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം ആന്ധ്രയിൽ നേതാക്കൾ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീയതി മാറ്റിയത്. ജൂൺ 12ന് അമരാവതിയിലായിരിക്കും സത്യപ്രതിജ്ഞ.

Top