ആപ്പിള്‍ ഡിവൈസുകളില്‍ ഇനി എഐ ‘ആപ്പിള്‍ ഇന്റലിജിന്‍സ്’

ആപ്പിള്‍ ഡിവൈസുകളില്‍ ഇനി എഐ ‘ആപ്പിള്‍ ഇന്റലിജിന്‍സ്’

നി ആപ്പിള്‍ ഉപകരണങ്ങളിലും എഐ ടച്ച്. പക്ഷേ ചെറിയൊരു മാറ്റമുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്നല്ല, ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരിലാണ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇത്തവണത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ മുഖ്യ വിഷയം ജനറേറ്റീവ് എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളായിരുന്നു.

എഐയുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ വീക്ഷണങ്ങളും താല്പര്യങ്ങളും കമ്പനി പ്രഖ്യാപിച്ചു. കൂടാതെ തങ്ങളുടെ ഉല്പന്നങ്ങളിലൊരുക്കുന്ന എഐ ഫീച്ചറുകളെ ‘ആപ്പിള്‍ ഇന്റലിജന്‍സ്’ എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്, സാംസങ് ‘ഗാലക്സി എഐ’ എന്ന് വിളിക്കുന്നത് പോലെ. ഉപഭോക്താവിന്റെ താല്‍പര്യങ്ങളുമായി ഉപകരണത്തെ കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടിം കുക്കും സംഘവും ആപ്പിള്‍ ഇന്റലിജന്‍സിനെ അവതരിപ്പിച്ചിരിക്കുന്നത്. എഐയെ കൂടുതല്‍ വ്യക്തിപരമായ ഇന്റലിജന്‍സ് ആക്കി മാറ്റുകയാണ് ഇതിലൂടെയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറയുന്നു.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയുടെ അവസാനമാണ് ആപ്പിള്‍ ഇന്റലിജന്‍സിനെ കമ്പനി പരിചയപ്പെടുത്തിയത്. പുതിയതായി അവതരിപ്പിച്ച ഐഒഎസ് 18, ഐപാഡ് ഒഎസ്18, വാച്ച് ഒഎസ് 11, മാക്ക് ഒഎസ് സെക്കോയ എന്നിവയിലെല്ലാം തന്നെ ആപ്പിള്‍ ഇന്റലിജന്‍സിന്റെ എഫക്ടുണ്ടാകും. ആപ്പിള്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിരവധി കാര്യങ്ങള്‍ അറിയാനാകും. നോട്ടിഫിക്കേഷനുകളുടെയും ടെക്സ്റ്റ് മെസേജുകളുടേയും ഇ മെയിലുകളുടെയും ചുരുക്കം അറിയാന്‍, ഇമെയില്‍ സന്ദേശങ്ങളും കുറിപ്പുകളും മറ്റും ഉചിതമായ ശൈലികളിലേക്ക് മാറ്റി എഴുതാന്‍, എഐയുടെ സഹായത്തോടെ ഇമോജികള്‍ ക്രിയേറ്റ് ചെയ്യാന്‍, ഫോട്ടോസ് ആപ്പിലെ ചിത്രങ്ങള്‍ തിരയാന്‍, ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ തുടങ്ങി അനേകം ഓപ്ഷന്‍സ് ആപ്പിള്‍ ഇന്റലിജന്‍സിലുണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കും ആപ്പിള്‍ ഇന്റലിജന്‍സിനെ പ്രയോജനപ്പെടുത്താനാകും. ഇതിനായി ആപ്പിള്‍ അവതരിപ്പിച്ച പ്രത്യേകം ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സുകളും പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

Top