പത്ത് ലക്ഷം പേര്‍ക്ക് എ.ഐ എന്‍ജിനീയറിങ് പരിശീലനം; പദ്ധതി പ്രഖ്യാപിച്ച് ദുബായ്

പത്ത് ലക്ഷം പേര്‍ക്ക് എ.ഐ എന്‍ജിനീയറിങ് പരിശീലനം; പദ്ധതി പ്രഖ്യാപിച്ച് ദുബായ്
പത്ത് ലക്ഷം പേര്‍ക്ക് എ.ഐ എന്‍ജിനീയറിങ് പരിശീലനം; പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ദുബായ്: എ.ഐ പ്രോംറ്റ് എന്‍ജിനീയറിങ്ങില്‍ പത്ത് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ. പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ദുബൈ രൂപപ്പെടുത്തിയ ‘ദുബൈ യൂണിവേഴ്‌സല്‍ ബ്ലൂ പ്രിന്റ് ഓഫ് എ.ഐ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എന്‍ജിനീയറിങ്ങില്‍ പരിശീലനം നല്‍കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുന്നത് സര്‍ക്കാറുകളുടെയും സമൂഹങ്ങളുടെയും വിജയത്തിന് അനിവാര്യമാണെന്ന് ശൈഖ് ഹംദാന്‍ പ്രസ്താവിച്ചു. സാങ്കേതിക പുരോഗതിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് തൊഴില്‍ വിപണിയില്‍ പുതിയ കഴിവുകള്‍ ആവശ്യമാണ്.

മുമ്പ് കോഡിങ്ങിന് ആവശ്യക്കാരുണ്ടായിരുന്നു. എന്നാലിപ്പോള്‍, പ്രോംപ്റ്റ് എന്‍ജിനീയറിങ് ഏറ്റവും പ്രധാന കഴിവുകളിലൊന്നായി മാറിയിരിക്കുന്നു. ആഗോള സാങ്കേതിക പരിവര്‍ത്തനത്തെ സഹായിക്കുന്ന വൈദഗ്ധ്യവും നൈപുണ്യവും വികസിപ്പിച്ച് നവീകരണത്തിന്റെ മുന്‍നിരയില്‍ ദുബായിയെ എത്തിക്കാനും നിര്‍മിതബുദ്ധി യുഗത്തിലേക്കുള്ള തയാറെടുപ്പ് തുടരാനുമാണ് ആഗ്രഹിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപന ചടങ്ങില്‍ ഗ്ലോബല്‍ പ്രോംറ്റ് എന്‍ജിനിയറിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവരെ ശൈഖ് ഹംദാന്‍ ആദരിച്ചു. ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷനും ദുബൈ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേര്‍ന്നാണ് ചടങ്ങ് ഒരുക്കിയത്.

Top