ന്യൂയോർക്ക്: നമ്മുടെ ഒറ്റ ക്ലിക്കിൽ സെർച്ച് ഫലങ്ങളുടെ സംഗ്രഹം ലഭ്യമാക്കുന്ന ‘എഐ ഓവർവ്യൂസ്’ ആറ് രാജ്യങ്ങളിൽ കൂടി അവതരിപ്പിച്ച് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ. നിലവിൽ അമേരിക്കയിൽ അവതരിപ്പിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങളിൽ എഐ ഓവർവ്യൂസ് എത്തിയിരിക്കുന്നത്.
അതേസമയം ഇപ്പോൾ ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മെക്‌സിക്കോ, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് എഐ ഓവർവ്യൂസ് എത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷിന് പുറമെ പോർച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും എഐ ഓവർവ്യൂസ് ഫലങ്ങൾ ലഭ്യമാണ്. അതേസമയം എന്തെങ്കിലും വിഷയത്തെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പർ ലിങ്കുകളും സെർച്ച് ഫലങ്ങളിൽ ഏറ്റവും മുകളിലായി കാണിക്കുന്ന സംവിധാനമാണ് എഐ ഓവർവ്യൂസ്. അതായത്, സയൻസ് എന്ന് സെർച്ച് ചെയ്യുമ്പോൾ ആദ്യ ഫലമായി തന്നെ ഈ എഐ നിർമിത വിവരണം ലഭ്യമാകും. ഇതിന് മുമ്പ് ഗൂഗിൾ സെർച്ച് ഫലങ്ങളിൽ ലഭിച്ചിരുന്ന സെർച്ച് റിസൽറ്റുകൾ പുതിയ രീതിയിൽ ഇനി ഈ എഐ ഓവർവ്യൂസിന് താഴെയായാണ് വരിക.
മണ്ടൻ ഉത്തരങ്ങൾക്ക് വിട?
എഐ ഓവർവ്യൂസ് ആയി വരുന്ന സെർച്ച് ഫലത്തിൻറെ കൂടെയായി നിരവധി ഹൈപ്പർ ലിങ്കുകൾ കാണാം. അതോടൊപ്പം ഇവയിൽ ക്ലിക്ക് ചെയ്താൽ ലഭ്യമായ ഫലത്തെ കുറിച്ച് വിശദമായി അറിയാൻ കഴിയും. ഒപ്പം സെർച്ച് ഫലം ഓഡിയോ രൂപത്തിൽ കേൾക്കാനുള്ള സംവിധാനവുമുണ്ട്. എഐ ഓവർവ്യൂ ഫലത്തിൻറെ വലത് വശത്തായി സെർച്ച് വിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ ആഡ് ചെയ്തിരിക്കുന്നതും കാണാം. ഇതോടെ ഏറ്റവും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. എന്നാൽ നിലവിൽ ആധികാരികമായ വെബ്‌സൈറ്റുകളാണ് ഇത്തരത്തിൽ ലിസ്റ്റ് ചെയ്യപ്പെടുക എന്നാണ് അനുമാനം.
ഈ പുതിയ എഐ ഓവർവ്യൂസ് അമേരിക്കയിൽ ഗൂഗിൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും തെറ്റായ ഫലങ്ങൾ എഐ നൽകിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. പിഴവുമൂലം അമേരിക്കൻ മുൻ പ്രസിഡൻറ് ബരാക് ഒബാമയെ മുസ്ലീമായി രേഖപ്പെടുത്തി ഫലം നൽകിയത് വിവാദമായിരുന്നു. മാത്രമല്ല, പശയെ പിസ്സയുടെ റെസിപ്പിയിൽ ഉൾപ്പെടുത്തി എന്നത് എഐ ഓവർവ്യൂസ് മറുപടി നൽകിയതിൻറെ സ്ക്രീൻഷോട്ടുകളും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.