ന്യൂഡല്‍ഹി: നിര്‍മിതബുദ്ധി കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാല്‍, അത് ഒരു മോശം പ്രവണതയായി കാണുന്നില്ലെന്നും മസ്‌ക് പറഞ്ഞു. ഭാവിയില്‍ തൊഴില്‍ എന്നത് ഒരു അവശ്യസംഗതിയാകില്ലെന്ന് മസ്‌ക് പ്രവചിച്ചു. വിവ ടെക്ക് ഇവന്റ്‌റില്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം. അല്ലാത്തപക്ഷം നിങ്ങള്‍ക്കാവശ്യമായ ചരക്കുകളും സേവനങ്ങളും എ.ഐ.യും റോബോട്ടുകളും എത്തിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഈ പ്രവണത വിജയിക്കണമെങ്കില്‍ ‘സാര്‍വത്രിക ഉന്നത വരുമാനം’ ആവശ്യമാണ്. എന്നാല്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കിയില്ല.
സാധന, സേവനങ്ങള്‍ക്ക് യാതൊരു വിധ ക്ഷാമവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എഐയുടെ കഴിവുകള്‍ അതിവേഗം വളര്‍ന്നുകഴിഞ്ഞു. അവ ഉത്തരവാദിത്വത്തേടെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണമെന്ന് ഉപഭോക്താക്കളും കമ്പനികളും അധികാരികളും ഇപ്പോഴും മനസിലാക്കാനുള്ള ശ്രമത്തിലാണെന്നും അത്രവേഗമാണ് എഐയുടെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറുകളും റോബോട്ടുകളും എല്ലാ കാര്യങ്ങളും നമ്മെക്കാള്‍ മികച്ചരീതിയില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്. എനിക്ക് തോന്നുന്നു മനുഷ്യന് ഇതില്‍ അപ്പോഴും ഒരു സ്ഥാനമുണ്ട്. എഐയ്ക്ക് എന്ത് അര്‍ത്ഥം നല്‍കണം എന്നതില്‍.’ മസ്‌ക് പറഞ്ഞു. കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപഭോഗം കുറയ്ക്കാന്‍ മസ്‌ക് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് അവ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്നതെന്നും മസ്‌ക് പറഞ്ഞു.