ഡൽഹി: താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി. 2026ൽ കേരളത്തിൽ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവർഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങൾ തരണമെന്ന് തീരുമാനിച്ചാൽ, പാർട്ടി അനുവദിക്കുമെങ്കിൽ ചെയ്യും. ഇപ്പോൾ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തനാക്കി. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ദില്ലിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.