കുവൈറ്റിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30 കൊച്ചിയിലെത്തും. ഇന്ത്യന്‍ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റില്‍ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്. മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള നടപടി പൂര്‍ത്തിയായതായി കളക്ടര്‍ വ്യക്തമാക്കി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്. കൊച്ചിയില്‍നിന്നു പ്രത്യേകം ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. തീപിടുത്തത്തില്‍ ആകെ 24 മലയാളികളാണ് മരിച്ചത്. 45 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഓരോ ആംബുലന്‍സിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.