ന്യൂഡൽഹി: ടെൽഅവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷസാധ്യത രൂക്ഷമായ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ നീക്കം. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് യാത്രക്കാർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റീഷെഡ്യൂളിങ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഇളവ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് ഇസ്രായേൽ വധിച്ചതിനു പിന്നാലെയാണ് പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തത്.
മേഖലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി വിമാനകമ്പനികൾ ഇറാന്റെയും ലെബനാന്റെയും വ്യോമാതിർത്തി ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഇസ്രായേൽ, ലെബനാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. സിംഗപ്പൂർ എയർലൈൻസ്, താവാനിലെ ഇ.വി.എ എയർ, ചൈന എയർലൈൻസ് എന്നിവ ഇറാന്റെയും ഇറാഖിന്റെയും വ്യോമ പരിധി ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചു വിടുകയാണ്. ഹനിയ്യയെ വധിച്ചതിനു പിന്നാലെ ഹിസ്ബുല്ല കമാൻഡർമാരായ ഫഹദ് ഷുക്ർ, ഹസൻ നസ്റുല്ല, ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫ് എന്നിവരെ കൊലപ്പെടുത്തിയതായും ഇസ്രായേൽ അറിയിച്ചിരുന്നു.