കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. കണ്ണൂരിലും കരിപ്പൂരിലും ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ധ, ദോഹാ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ധ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.
നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കൂടാതെ ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി.
8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.