കൊച്ചി: ഗള്‍ഫിലേക്ക് പോകുന്നവ ഉള്‍പ്പെടെയുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി. നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് ഇവ. നെടുമ്പാശേരിയില്‍ നിന്ന് 8.35ന് ദമാമിലേക്കും 9.30ന് ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. മസ്‌കറ്റ്, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്.
കൊച്ചിയില്‍ നിന്നുള്ള ആറ് വിമാന സര്‍വ്വീസുകളാണ് ഇന്നലെ മുടങ്ങിയത്. ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വ്വീസുകളും മുടങ്ങി. കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയര്‍ ഇന്ത്യ സര്‍വ്വീസുകളും ഇന്നലെ റദ്ദാക്കി. റാസല്‍ഖൈമ, മസ്‌ക്കറ്റ്, ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. റദ്ദാക്കല്‍ രണ്ട് ദിവസം കൂടി തുടരും.അതേസമയം തിരുവനന്തപുരത്തും കണ്ണൂരും ഇന്നലെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിന്‍വലിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും സര്‍വ്വീസുകള്‍ തുടരെത്തുടരെ റദ്ദാക്കുന്നത് യാത്രക്കാര്‍ക്കിക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
പണിമുടക്കിയ ജീവനക്കാര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജീവനക്കാര്‍ ജോലിയില്‍ മടങ്ങിയെത്തി തുടങ്ങിയെങ്കിലും ക്യാബിന്‍ ക്രൂവിന് ജോലി പുനരാരംഭിക്കാന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിയത്. ഡല്‍ഹിയില്‍ ചീഫ് ലേബര്‍ കമ്മീഷണറുടെ (സെന്‍ട്രല്‍) സാന്നിദ്ധ്യത്തില്‍ ജീവനക്കാരുടെ സംഘടനയും എയര്‍ ഇന്ത്യ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ധാരണപ്രകാരം 30 ജീവനക്കാരെ പിരിച്ചുവിട്ടതും റദ്ദാക്കിയിരുന്നു.