കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പെട്ടുപോയി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. ശേഷം ബഹൈറൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി.
രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവന്‍സ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും യാത്രക്കാര്‍ പ്രതികരിച്ചു.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കി.