തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ടഅവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കമ്പനി. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയര്‍ ഇന്ത്യ സർവ്വീസുകൾ തടസ്സപ്പെട്ടേക്കും.
കമ്പനി സിഇഒ അലോക് സിംഗ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു. നിയന്ത്രിത ഷെഡ്യൂള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി നിര്‍ബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.