തിരുവനന്തപുരം: വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയര്‍ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയില്‍ സന്ദേശം അയച്ചു. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കിയതായി കുടുംബം അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു എന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അയച്ച ഇമെയില്‍ സന്ദേശത്തിലുണ്ട്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയില്‍ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇപ്പോള്‍ ഇമെയില്‍ സന്ദേശം അയച്ചത്.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. ഒമാനില്‍ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.