CMDRF

ലേയിലേക്കുള്ള വിമാന സര്‍വ്വീസ് തടസ്സപ്പെട്ടു, 4 ദിവസത്തിനിടെ 16 വിമാനങ്ങള്‍ റദ്ദാക്കി

ലേയിലേക്കുള്ള വിമാന സര്‍വ്വീസ് തടസ്സപ്പെട്ടു, 4 ദിവസത്തിനിടെ 16 വിമാനങ്ങള്‍ റദ്ദാക്കി
ലേയിലേക്കുള്ള വിമാന സര്‍വ്വീസ് തടസ്സപ്പെട്ടു, 4 ദിവസത്തിനിടെ 16 വിമാനങ്ങള്‍ റദ്ദാക്കി

ദില്ലി: ഉയര്‍ന്ന അന്തരീക്ഷ താപനില കാരണം ലേയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. നാല് ദിവസത്തിനിടെ 16 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 10,682 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലേ.

എ320, ബി737 വിമാനങ്ങളാണ് ലേയില്‍ സര്‍വീസ് നടത്തുന്നത്. എ320 നിയോ വിമാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസാണ്. താപനില 33 ഡിഗ്രി സെല്‍ഷ്യസിലും കൂടിയാല്‍ വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ബോയിംഗ് 737 വിമാനങ്ങള്‍ക്ക് പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് വരെയേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ പറഞ്ഞു.

വിമാനത്താവളം എത്ര ഉയരത്തിലാണ്, അതിനു ചുറ്റുമുള്ള തടസ്സങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പരമാവധി താപനില തീരുമാനിക്കുന്നതെന്ന് പൈലറ്റുമാര്‍ പറഞ്ഞു. ശരാശരി സമുദ്ര നിരപ്പില്‍ നിന്ന് 10,682 അടി ഉയരത്തിലാണ് ലേയിലെ കുശോക് ബകുല റിംപോച്ചെ വിമാനത്താവളം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ വിമാനത്താവളങ്ങളില്‍ ഒന്നാണ് ലേയിലേത്. ലേയിലെ പോലെ ഉയര്‍ന്ന സ്ഥലത്ത് സാന്ദ്രത കുറവുള്ള വായുവും ഉയര്‍ന്ന താപനിലയും കൂടിച്ചേര്‍ന്നാല്‍ പറന്നുയരുക ബുദ്ധിമുട്ടാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഇവിടെ വിമാന സര്‍വീസ് നടത്തുന്നതിന് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാറുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ലേയിലെയും പരിസര പ്രദേശത്തെയും താപനില 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, വിസ്താര എന്നീ വിമാനങ്ങള്‍ ലേയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച മൂന്ന് ഇന്‍ഡിഗോ വിമാനങ്ങളും ഒരു സ്പൈസ് ജെറ്റ് വിമാനവും റദ്ദാക്കിയതായി ലേയിലെ കുശോക് ബകുല റിംപോച്ചെ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Top