ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ എയര്‍ ട്രെയിന്‍ വരുന്നു . ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന എയര്‍ട്രെയിന്‍ (ഓട്ടോമാറ്റിക് പീപ്പിള്‍ മൂവര്‍) 2027 ഓടെ യാഥാര്‍ഥ്യമായേക്കും. വിമാനത്താവളത്തിന്റെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകള്‍, എയ്‌റോസിറ്റി, കാര്‍ഗോസിറ്റി എന്നിവയെ ബന്ധിപ്പിച്ച് 7.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് നടത്തുന്ന സംവിധാനമ നടപ്പിലാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് ആരംഭിച്ചു.
രാജ്യത്തെ ആദ്യത്തെ എയര്‍ട്രെയിന്‍ ആണ് വരാനിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ നഗരത്തില്‍നിന്ന് മാറി സ്ഥിതിചെയ്യുന്ന രണ്ട് ടെര്‍മിനലുകളിലേക്കുള്ള ഡിടിസി ബസ് സര്‍വീസുകള്‍ ഇല്ലാതാകും. പദ്ധതിക്ക് നിലവിൽ 2000 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം പദ്ധതി യാഥാര്‍ഥ്യമാകുന്നതിനുമുമ്പ് യാത്രക്കാരില്‍നിന്ന് ഡെവലപ്‌മെന്റ് ഫീ ഈടാക്കാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രം ഡല്‍ഹി വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുള്ളത്.