തിരുവനന്തപുരം : ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറി ആക്കുന്നുവെന്നും വിദ്വേഷ പ്രചരണത്തിന്റെ കേന്ദ്രമാക്കി ദൂരദര്‍ശന്‍ മാറുകയാണെന്നും എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം പറഞ്ഞു. സിനിമ സംപ്രേഷണം ചെയ്യുന്നത് ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ദൂരദര്‍ശന്‍ തെറ്റായ നിലപാട് പിന്‍വലിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
മലയാളികള്‍ ബഹിഷ്‌കരിച്ച സിനിമയാണ് കേരള സ്റ്റോറിയെന്ന് എ എ റഹീം പറഞ്ഞു. മലയാളികളെ തമ്മിലടിപ്പിക്കാന്‍ സാധിക്കില്ല. കേന്ദ്രത്തിന്റെയും ബിജെപിയുടെയും നീക്കത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക, ഇസ്ലാമോഫോബിയ വളര്‍ത്തുക എന്നതാണ് കേരള സ്റ്റോറി പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എ എ റഹീം ആരോപിച്ചു.
സംഘപരിവാര്‍ അധികാരത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ മാധ്യമങ്ങളെ കേരള സ്റ്റോറിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നു. കേരളം ഒറ്റക്കെട്ടായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സിനിമയെ ബഹിഷ്‌കരിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെയും ബിജെപിയും അകറ്റിനിര്‍ത്തുന്ന നാടാണ് കേരളം. കേരളം വെറുപ്പിന്റെ നാടല്ല സൗഹാര്‍ദ്ദത്തിന്റെ നാടാണ്. ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം തീര്‍ത്ത നാടാണ് കേരളം. ദൂരദര്‍ശന് ഇന്നത്തേത് ഏറ്റവും മോശമായ ദിവസമായിരിക്കുമെന്നും എ എ റഹിം കൂട്ടിച്ചേര്‍ത്തു.