കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് നടത്തും: ടി സിദ്ദിഖ്

കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് നടത്തും: ടി സിദ്ദിഖ്
കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് നടത്തും: ടി സിദ്ദിഖ്

മാനന്തവാടി: വയനാട് മുണ്ടക്കൈയിൽ ഉരുള്‍പൊട്ടൽ സംഭവത്തിൽ കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് നടപടികൾ സ്വീകരിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. വെള്ളാർ മലയിലെ സ്കൂൾ പരിസരം കുത്തി ഒലിച്ചൊഴുകുന്ന വെള്ളത്തിനടിയിൽ ആണ്. ഈ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും.

‘രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വൻ മരങ്ങളും പാറകളും മണ്ണും പുഴയിൽ നിറഞ്ഞൊഴുക്കുകയാണ്. ഇനിയും എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ചൂരൽ മല പാലം പൂർണമായി തകർന്നത് കൊണ്ട് തന്നെ മുണ്ടക്കൈ പ്രദേശത്തേക്കുള്ള രക്ഷാപ്രവർത്തനത്തിന് സാധിക്കുന്നില്ല. മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായി സംസാരിച്ച് ചർച്ചകൾ നടക്കുന്നുണ്ട്’ അദ്ദേഹം പ്രതികരിച്ചു.

സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം പുരോഗമിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ എയർ ലിഫ്റ്റിങ് സാധ്യമല്ല. കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് വഴി ആളുകളെ രക്ഷിക്കാനുള്ള പ്രവർത്തനം തുടരും. ദയനീയമായ കാഴ്ച്ച വല്ലാതെ വിഷമിപ്പിക്കുന്നു എന്നും സിദ്ദിഖ് പറഞ്ഞു.

Top