തിരുവനന്തപുരം : ശമ്പള വർധനയും ബോണസ് വർധനയും അംഗീകരിച്ചതോടെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. വിമാനത്താവളത്തിൽ സംയുക്ത സമര സമിതിയുടെ നേതൃത്തിൽ നടത്തി വന്ന സമരമാണ് ഒത്തുതീർത്തത്.
സെൻട്രൽ ലേബർ കമ്മീഷണരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അദാനി, എയർ ഇന്ത്യ സാറ്റ്‌സ് മാനേജ്മെന്റ പ്രതിനിധികൾ, യുണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. സമരം അന്താരാഷ്ട്ര സർവീസുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മിക്ക വിമാനങ്ങളും ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ലഗേജ് ക്ലീറൻസിനായി പലർക്കും രണ്ടു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിട്ടത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കളോളം കെട്ടിക്കിടന്നതോടെയാണ് പ്രതിസന്ധിയായത്.
Also Read: ആദ്യത്തെ ‘ട്രില്യണയറാവാൻ’ കുതിച്ച് ഇലോൺ മസ്‌ക്; അദാനി രണ്ടാമതെത്തും
എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് രാവിലെ മുടങ്ങിയത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.