എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍

എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍

തിരുവനന്തപുരം: വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇരട്ട പ്രഹരമായി എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസര്‍ ഫീസ് ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്. ജൂലൈ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് ഇനി ചിലവേറും. ആഭ്യന്തര യാത്രകള്‍ക്കുള്ള 506 രൂപ യൂസര്‍ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശ യാത്രികര്‍ 660 രൂപയും ആഭ്യന്തര യാത്രികര്‍ 330 രൂപയും ഇനി യൂസര്‍ ഫീയായി നല്‍കണം.

എയര്‍പോര്‍ട്ട് ഇക്‌നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസര്‍ ഫീ നിരക്ക് ഉയരുന്നത്. 2021ല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസര്‍ ഫീ കൂട്ടുന്നത്. ഓരോ 5 വര്‍ഷം കൂടുമ്പോഴാണ് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസര്‍ ഡെവലപ്‌മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ല്‍ താരിഫ് പുതുക്കേണ്ടിയിരുന്നെങ്കിലും രണ്ട് വര്‍ഷം വൈകി ഇപ്പോഴാണ് പുതുക്കിയത്. ഗള്‍ഫ് രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ വിമാന കമ്പനികള്‍ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. അതിന് പുറമെ യൂ​സ​ർ ഫീ വര്‍ധന ​കൂ​ടി വ​രു​മ്പോ​ൾ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുകയാണ്.

Top