ഇന്ത്യൻ സുന്ദരി എന്ന് കേൾക്കുമ്പോള്‍ എക്കാലവും നമ്മുടെ മുന്നിൽ ഒരൊറ്റ പേരൊള്ളു ഐശ്വര്യ റായി. ഇന്ത്യയിൽ നിന്ന് 1994ൽ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യയ്ക്ക് ഇന്ന് 51ാം പിറന്നാളാണ്. ആർമി ബയോളജിസ്റ്റായ കൃഷ്ണരാജ് റായിയുടെയും വൃന്ദരാജ് റായിയുടെയും മകളായി 1973 നവംബർ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. സിനിമകളിൽ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെ കുടുംബ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഒരു നടിയാകുന്നതിന് മുൻപ് തന്നെ മോഡലിംഗ് രംഗത്ത് ഐശ്വര്യ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.
കർണ്ണാടകയിൽ മാംഗ്ലൂരിൽ ജനിച്ച ഐശ്വര്യ പിന്നീട് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് മാറി താമസിക്കുകയായിരുന്നു. ആര്യ വിദ്യാമന്ദിർ ഹൈസ്കൂൾ, ജയ് ഹിന്ദ് കോളേജ്, ഡിജി റുപാരൽ കോളേജ്, രചന സൻസദ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. സുവോളജിയായിരുന്നു ഇഷ്ടവിഷയം. ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചിരുന്നു. 1994 ലെ ലോകസുന്ദരി പട്ടവും ആഷിനെ തേടിയെത്തി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഐശ്വര്യയുടെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ 1998-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീൻസ്’ ആയിരുന്നു.
ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ റായിയുടെ ഇഷ്ട സിനിമ ഹംഗേറിയന്‍ സംവിധായകനായ മൈക്കല്‍ ക്യൂര്‍ട്ടിസസ് ഒരുക്കിയ പ്രശസ്തമായ പ്രണയ ചിത്രം കാസബ്ലാങ്കയാണ്. അഭിമുഖങ്ങളിൽ താരം ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. മോഡലിങ്ങിലും അഭിനയത്തിലും മാത്രമല്ല നൃത്തത്തിലും ഐശ്വര്യ കഴിവ് തെളിയിച്ചിരുന്നു. ജീൻസ്, ഗുരു തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഐശ്വര്യയെന്ന നർത്തകിയെ പ്രേക്ഷകർ കൂടുതലറഞ്ഞു.
ഐശ്വര്യ റായിയുടെ വീട്ടിലെ വിളിപ്പേര് ഗുല്ലു എന്നാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറിയംഗമായ ആദ്യത്തെ ഇന്ത്യൻ നടിയുമാണ് ഐശ്വര്യ. ദി ഓപ്ര വിൻഫ്രി ഷോയിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരിയുമാണ് ഐശ്വര്യ. ഐശ്വര്യയുടെ രൂപം മാതൃകയാക്കി ലിമിറ്റഡ് എഡിഷൻ ബാർബി പാവകൾ ബ്രിട്ടനിൽ ഇറക്കിയിട്ടുണ്ട്. 2005-ലാണ് ഇത് പുറത്തിറക്കിയത്. ദിവസങ്ങൾക്കുള്ളിൽ ഇത് വിറ്റഴിയുകയുമുണ്ടായി. ഫ്രാന്‍സിലെ രണ്ടാമത്തെ ബഹുമതിയായ നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഒഫ് ആര്‍ട്‌സ് ആന്‍ ലെറ്റേഴ്‌സ് പുരസ്കാരവും ഐശ്വര്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
അഭിനയത്തിനൊപ്പം തന്നെ റെഡ് കാർപ്പറ്റിലും ഐശ്വര്യ തിളങ്ങി. രാജ്യാന്തര വേദികളിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യ ബിംബമായി ഐശ്വര്യ. നെതർലാൻഡ്സിൽ കൂകെൻഹോ ഗാർഡൻസിലെ പ്രത്യേകതരം ടുലിപ് പുഷ്പങ്ങൾക്ക് ഐശ്വര്യയോടൊള്ള ബഹുമാനാർത്ഥം അവരുടെ പേര് നൽകിയിട്ടുണ്ട്. മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ മെഴുകുപ്രതിമ നിർമ്മിക്കപ്പെട്ട രണ്ടാമത്തെ ബോളിവുഡ് താരവുമാണ് ഐശ്വര്യ.